ദേശീയഗാനം തടസ്സപ്പെടുത്താൻ ശ്രമച്ചതിൽ ദേശദ്രോഹത്തിന് കേസെടുക്കണം: സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി പ്രവീൺകുമാർ എം.എൽ.എ
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനത്തെ അപമാനിക്കും വിധം ബി.ജെ.പി സമാന്തരമായി വന്ദേമാതരം ആലപിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ പ്രവീൺകുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ബി.ജെ.പി അംഗങ്ങൾ ദേശീയ ഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
ഈ നടപടി ദേശീയ ഗാനത്തെയും ദേശീയതയെയും അപമാനിക്കുന്നതിനു തുല്യമാണ്. ആയതിനാൽ കുറ്റം ചെയ്തവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണമെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രവീൺകുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട് കോർപറേഷനിൽ മേയർ ഒ. സദാശിവന്റെ നേതൃത്വത്തിൽ കോർപറേഷനിൽ സംഘടിപ്പിച്ച ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ബി.ജെ.പി അംഗങ്ങൾ നാടകീയ നീക്കങ്ങളുമായി രംഗത്തെത്തിയത്. പരിപാടിയിൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ ബി.ജെ.പി അംഗങ്ങൾ സമാന്തരമായി വന്ദേമാതരവും ആലപിക്കുകയായിരുന്നു. പല അംഗങ്ങളും വന്ദേമാതരത്തിന്റെ എഴുത്തു പകർപ്പ് കൊണ്ടുന്ന് നോക്കി വായിക്കുകയായിരുന്നു.രാവിലെ പതാക ഉയർത്തിയതിന് ശേഷമായിരുന്നു ദേശീയഗാനവും വന്ദേമാതരവും സമാന്തരമായി ആലപിക്കപ്പെട്ടത്.
പ്രസംഗത്തിന് ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ തൊട്ടടുത്തു നിന്ന ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം ആലപിച്ചു കഴിഞ്ഞ ശേഷം മേയറും ബാക്കി ഭരണപക്ഷത്തെ കൗൺസിലർമാരും തിരികെ പോയി. വന്ദേമാതരം പൂർണമായും ആലപിച്ചാണ് ബി.ജെ.പി കൗൺസിലർമാർ കളംവിട്ടത്.
ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മേയർ ഒ. സദാശിവൻ പ്രതികരിച്ചു. വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ല. നമ്മൾ അത് ആലപിച്ചിട്ടില്ല എന്നേയുള്ളൂ. പതാക ഉയർത്തിയാൽ സാധാരണ ദേശീയഗാനമാണ് ആലപിക്കുന്നത്. അതിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ ചിന്തിക്കണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അന്തസ്സ് സംരക്ഷിക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അനവസരത്തിൽ ഉണ്ടായ നടപടി ചടങ്ങിന് അഭംഗിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി നടപടി വ്യാപക വിമർശനത്തിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

