നാളെ കൊച്ചിയിലെത്തുക 336 പ്രവാസികൾ; ഒരു വിമാനത്തിൽ പരമാവധി 168 പേർ
text_fieldsകൊച്ചി/നെടുമ്പാശ്ശേരി: ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കൊച്ചി വിമാനത്താവളം. വ്യാഴാഴ്ച രാജ്യത്ത് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് ആദ്യവിമാനങ്ങളെത്തുക. കൊച്ചിയിൽ രണ്ട് വിമാനത്തിലായി 336 പേർ ആദ്യ ദിനമെത്തും.
അബൂദബി, ദോഹ വിമാനത്താവളങ്ങളിൽനിന്നാണ് കൊച്ചിയിലേക്ക് 168 പേരെ വീതം വഹിച്ച് രണ്ട് വിമാനം ഇറങ്ങുക. അബൂദബി വിമാനം 10.35ന് കൊച്ചിയിലെത്തും. മെയ് ഏഴുമുതൽ 13വരെയുള്ള ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി കൊച്ചിയിലെത്തുക 10 വിമാനത്തിലായി 1680 പ്രവാസികളാണ്. ഇവരെ പരിശോധിക്കുന്നതും ക്വാറൻറീൻ ചെയ്യുന്നതുമുൾെപ്പടെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
രണ്ടാം ദിനമായ വെള്ളിയാഴ്ച ബഹ്റൈനിൽനിന്ന് 168 പേരെത്തും. ശനിയാഴ്ച കുവൈത്തിൽനിന്നും മസ്കത്തിൽനിന്ന് 168 പേർവീതം എത്തിച്ചേരും. 10ന് മലേഷ്യയിലെ ക്വാലാലംപൂരിൽനിന്ന് 168 പേരും 11ന് ദുബൈ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 168 പേർ വീതവും എത്തും. 12ന് ക്വാലാലംപൂരിൽനിന്ന് 168 പേരും 13ന് ജിദ്ദയിൽനിന്ന് 168 പേരുമാണ് കൊച്ചിയിൽ വരുന്നത്.
മടങ്ങിയെത്തുന്നവരിൽ കൂടുതൽ പേർ മലബാറിലേക്ക്
കരിപ്പൂർ: നാട്ടിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്ത പ്രവാസികൾ കൂടുതലും മലബാറിൽ. എന്നാൽ, ആദ്യഘട്ടത്തിലെ സർവിസുകളിൽ നാലെണ്ണം മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തുന്നത്. പത്തെണ്ണം കൊച്ചിയിലേക്കും ഒന്ന് തിരുവനന്തപുരത്തേക്കും. മൊത്തം 15 വിമാനസർവിസുകളാണ് കേരളത്തിലേക്കുള്ളത്. ഇവയിൽ 14 ഉം ഗൾഫിൽ നിന്നാണ്. ഒന്ന് മലേഷ്യയിൽ നിന്ന്.
നോർക്ക മുഖേന രജിസ്റ്റർ ചെയ്തതിൽ കൂടുതലും മലപ്പുറം ജില്ലക്കാരാണ്. ജില്ലയിലെ 63,839 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നായി അമ്പതിനായിരത്തോളം പേരും തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ളവർ വേറെയുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സർവിസുകൾ ക്രമീകരിച്ചതെന്നാണ് ആക്ഷേപം.
കരിപ്പൂരിലേക്ക് ദുബൈ, റിയാദ്, മനാമ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ ആഴ്ചയിൽ പ്രവാസികൾ എത്തുക. അതേസമയം, പ്രവാസികൾ കൂടുതലുള്ള ജിദ്ദയിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരൊറ്റ സർവിസും കരിപ്പൂരിലേക്കില്ല. കൊച്ചിയിലേക്ക് ഒരു സർവിസ്. മലയാളികൾ കൂടുതലുള്ള അബൂദബി, ഷാർജ, ദോഹ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് സർവിസ് ഇല്ല.
1.69 ലക്ഷം പ്രവാസികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രജിസ്റ്റർ ചെയ്ത മുൻഗണന പട്ടികയിൽ ഉൾപ്പെട്ട 1.69 ലക്ഷം പ്രവാസികളെ അടിയന്തരമായി തിരികെ എത്തിക്കണമെന്ന് കേരളം. ഇക്കാര്യം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് ആകെ തിരികെ കൊണ്ടുവരുന്നത് 80,000 പേരെയാണെന്നാണ് മനസ്സിലാക്കുന്നത്.
സംസ്ഥാന സർക്കാർ തയാറാക്കിയ മുൻഗണന പട്ടികയിൽ 1,69,136 പേരുണ്ട്. മുൻഗണന പട്ടികയിലുള്ളവരെ ആദ്യഘട്ടത്തിൽ തന്നെ തിരികെ എത്തിക്കണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചുവരവിന് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയതിെൻറ കാരണം വ്യക്തമല്ല. കണ്ണൂരിൽ വിമാനമിറങ്ങാനായി രജിസ്റ്റർ ചെയ്ത 69,129 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുമായി മാലിയിൽനിന്ന് രണ്ടും യു.എ.ഇയിൽനിന്ന് ഒന്നും കപ്പലുകൾ കൊച്ചിയിലേക്ക് ഉടൻ വരുമെന്നാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
