പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയത് മുഖ്യമന്ത്രിയുടെ അറിവോടെ
text_fields
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയത് മുഖ്യമന്ത്രിയുടെ അറിവോടെ. അച്ചടക്ക നടപടി പുനഃപരിശോധിക്കാനായി സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ചേരുന്നതുമായി ബന്ധപ്പെട്ട് 2025 മേയ് മൂന്നിന് ചീഫ് സെക്രട്ടറി എ. ജയതിലക് എഴുതിയ ഫയൽകുറിപ്പിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. ‘മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം നടപടിയെടുക്കണമെന്നാണ്’ അഡീ. ചീഫ് സെക്രട്ടറിമാരായ കെ.ആർ. ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ എന്നിവരടങ്ങുന്ന റിവ്യൂ കമ്മിറ്റിയോട് ജയതിലക് നിർദേശിച്ചത്.
സാധാരണ ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ അധ്യക്ഷൻ. എന്നാൽ, പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങൾ ജയതിലകിന് എതിരെയായതിനാൽ സ്വയം ഒഴിവാകാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. പകരം മറ്റൊരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. മൂന്നാമതൊരാളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചതും ഇതേ ഫയലിലാണ്.
2025 ഏപ്രിൽ 23ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി പ്രശാന്തിനെ സർവിസിൽ തിരിച്ചെടുക്കാൻ ശിപാർശ ചെയ്തെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടെന്ന് തെളിയിക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
കെ.ആർ. ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ എന്നിവർ തന്നെയായിരുന്നു ശാരദ അധ്യക്ഷയായ കമ്മിറ്റിയിലെയും അംഗങ്ങൾ. ഇതേ രണ്ടംഗങ്ങളാണ് 12 ദിവസത്തിനു ശേഷം മേയ് അഞ്ചിന് ചേർന്ന യോഗത്തിൽ മലക്കം മറിഞ്ഞത്. ഇത്തരമൊരു നിലപാട് മാറ്റം മുഖ്യമന്ത്രിയുടെ കൂടി താൽപര്യപ്രകാരമാണെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

