ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനെ ചോദ്യം ചെയ്തു; പോറ്റിക്കെതിരെ പുതിയ കേസുകളെടുക്കാൻ നീക്കം
text_fieldsപി.എസ്. പ്രശാന്ത്, ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും വ്യാപിപ്പിച്ച് എസ്.ഐ.ടി. ശനിയാഴ്ച തിരുവനന്തപുരം പൊലീസ് ക്ലബിൽവെച്ച് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.
സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെ പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു. പിന്നീട് ചില രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അതു മാറ്റിവെക്കുകയായിരുന്നു. 1998 മുതല്‍ 2025 വരെയുള്ള കാര്യങ്ങൾകൂടി വിശദമായി അന്വേഷിക്കണമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശാന്തിൽനിന്ന് എസ്.ഐ.ടി ചോദിച്ചറിഞ്ഞത്. 2025ൽ വീണ്ടും ദ്വാരപാലക ശിൽപങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുംമുമ്പ് ദ്വാരപാലക ശിൽപങ്ങൾ പോറ്റിക്ക് നൽകാൻ പ്രശാന്ത് തിടുക്കംകാട്ടിയോ എന്നതടക്കം കാര്യങ്ങളാണ് പരിശോധിക്കുന്നത്.അതേസമയം, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാൻ പുതിയ കേസുകളെടുക്കാൻ പൊലീസ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും.
കൈയക്ഷരത്തിൽ ശാസ്ത്രീയ പരിശോധന
തിരുവനന്തപുരം: പ്രതികളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിക്കാൻ എസ്.ഐ.ടി. മിനുട്സിൽ സ്വർണം ചെമ്പ് എന്ന് എഴുതിയത് പത്മകുമാറാണ്. ഇക്കാര്യം ഉറപ്പിക്കാൻ അദ്ദേഹത്തിന്റെ കൈയക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചു. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണെന്നാണ് കണ്ടെത്തൽ.
ഇതിന് പിന്നാലെയാണ് പോറ്റിക്ക് പാളികൾ കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തന്ത്രി കണ്ഠര് രാജീവരുടെ കൈപ്പട പരിശോധിക്കാൻ കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്.ഐ.ടി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ ജയിലിലെത്തി സാമ്പിള്‍ ശേഖരിക്കും. മൊഴികളുടെയും ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റിൽ ശാത്രീയ പരിശോധനാഫലം അനിവാര്യമാണ്.
മറ്റ് പ്രതികളുടെ ഒപ്പുകൾ എല്ലാം ശാസ്ത്രീയ പരിശോധന നടത്തി ഉറപ്പാക്കണം. അതേസമയം, ശാസ്ത്രീയ പരിശോധന നടപടികൾ ദിവസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ചതിൽ വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

