ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ, തെഹൽക മാഗസിൻ മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ എന്നിവർക്കെതിരായ 10 വർഷം മുമ്പത്തെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ആഗസ്റ്റ് നാലിന് പരിഗണിക്കും. കേസ് പഠിക്കാൻ ഇരുവരുടെയും അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് നീട്ടിവെച്ചത്.
പ്രശാന്ത്ഭൂഷൺ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ജഡ്ജിമാരെ അധിേക്ഷപിച്ചെന്ന് ആരോപിച്ചാണ് 2009ൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കേസിൽ കക്ഷിചേർന്ന മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ തനിക്ക് വിഡിയോ കോൺഫറൻസ് വഴി വാദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ചിരുന്നു. ശാന്തിഭൂഷണിന് പ്രായമേറെയായെന്നും അതുകൊണ്ടുതന്നെ കേസിൽ വാദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
10 വർഷം മുമ്പുള്ള കേസിനെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്ന് പ്രശാന്ത് ഭൂഷെൻറ അഭിഭാഷകൻ രാജീവ് ധവാനും അപേക്ഷിച്ചു. 10 വർഷം കാത്തിരിക്കാമെങ്കിൽ പെട്ടെന്ന് കേസ് പരിഗണിക്കുന്നതെന്തിനാണെന്ന് തരുൺ തജ്പാലിന് വേണ്ടി ഹാജരായ കപിൽ സിബൽ ചോദിച്ചു. കൂടുതൽ സമയം വേണമെന്ന് സിബലും ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് കേസ് ആഗസ്റ്റ് നാലിലേക്ക് മാറ്റിയത്. 2012നായിരുന്നു കേസിൽ അവസാനം വാദം കേട്ടത്. അതിനിടെ, പ്രശാന്ത് ഭൂഷൺ ഇൗ മാസമാദ്യം നടത്തിയ ട്വീറ്റിനെതിരെ സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തിരുന്നു. ഈ കേസ് ആഗസ്റ്റ് അഞ്ചിനാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും സുപ്രീംകോടതിയെയും അധിേക്ഷപിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.