ബി.ജെ.പി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ പോലും സമ്മതിച്ചെന്ന് പ്രകാശ് ജാവദേക്കർ
text_fieldsപ്രകാശ് ജാവഡേക്കർ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റ് നേടുമെന്നാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ കേരളത്തിലുള്ള വലിയ വിഭാഗം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചു.
ഇത്തവണ കടുത്ത കോൺഗ്രസുകാർ പോലും അത് വിശ്വസിക്കുന്നില്ല. കോൺഗ്രസും സി.പി.എമ്മും ഡൽഹിയിൽ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ ഉജ്ജ്വലയോജനയിലൂടെ ഗ്യാസ് കണക്ഷനും സൗജന്യ വാക്സിനും നൽകിയ മോദി സർക്കാരിന് കേരളം വോട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
എൻ.ഡി.എ വൈസ് ചെയർമാനും കാമരാജ കോൺഗ്രസിൻ്റെ അധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് എസ്.ആർ.എം അജി, ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്.ജെ.ഡി സംസ്ഥാന അധ്യക്ഷൻ വി.വി. രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബി.ജെ.പി ജില്ല അധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ സംസാരിച്ചു.

