കളമശേരി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശക്തമായ നടപടിയെന്ന് പി. രാജീവ്
text_fieldsകൊച്ചി : കളമശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി പി. രാജീവ്. ണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ മുപ്പത്തടം, ആലുവ പോയിന്റുകളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ വെളളം നിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. തദേശ സ്ഥാപനങ്ങളുടെ തനത്, വികസന ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക ചെലവഴിക്കണം. ഇതുസംബന്ധിച്ച് മാര്‍ച്ച് ആറിന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമായിരിക്കണം തുക അനുവദിക്കേണ്ടത്.
ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ടാങ്കര്‍ ലോറികള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാന്‍ നിയോജക മണ്ഡല പരിധിയിലെ നഗരസഭ, പഞ്ചായത്ത് അധ്യക്ഷന്മാരോട് മന്ത്രി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേരുന്ന ജില്ലാ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ കമ്മിറ്റി യോഗത്തില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണന്‍, ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ എ.ഡി സുജില്‍, കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദു മോള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.