'ആഭിചാര ക്രിയകൾ പഠിച്ചത് ഊരാളികളിൽ നിന്ന്, മൂന്ന് വർഷമായി സജീവമായി മന്ത്രവാദം നടത്തുന്നു'- നവവധുവിനെ ഉപദ്രവിച്ച കേസിലെ പ്രതിയുടെ മൊഴി
text_fieldsകോട്ടയം: മണര്‍കാടില്‍ നവവധുവിനെ യുവതിയെ ആഭിചാരക്രിയകള്‍ നടത്തി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയായ മന്ത്രവാദിയുടെ മൊഴി പുറത്ത്. 30 വര്‍ഷം മുമ്പ് ഊരാളികളില്‍ നിന്നുമാണ് ആഭിചാരക്രിയകള്‍ പഠിച്ചതെന്ന് ശിവദാസ് പൊലീസിന് മൊഴി നൽകി. മൂന്നുവര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ സജീവമായി ചെയ്തുവരുന്നതായും പൊലീസ് പറഞ്ഞു.
യുവതിയുടെ പിതാവിന്‍റെ പരാതിയിൽ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസിന്റ മാതാവ് സൗമിനി സ്ഥിരമായി ശിവദാസിന്‍റെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത വിശ്വാസിയായിരുന്നു. ആഭിചാര ക്രിയകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞുവിശ്വസിപ്പിരുന്നു
അടുത്തിടെ യുവതിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. ഇവരുടെ ആത്മാവ് യുവതിയുടെ ദേഹത്ത് കയറിയെന്നാരോപിച്ചാണ് യുവതിയെ ആഭിചാര ക്രിയകൾക്ക് വിധേയമാക്കിയത് എന്നാണ് വിവരം.
ആഭിചാരക്രിയകള്‍ അഖില്‍ദാസിന്റെ സഹോദരി വിഡിയോ ചിത്രീകരിച്ചു. വിഡിയോയിൽ നിന്നും യുവതി അനുഭവിച്ച ക്രൂരതകൾ വെളിവായിട്ടുണ്ട്. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമിനിയും അഖിലിന്റെ സഹോദരിയും ഒളിവിലാണ്. സൗമിനിക്കും സഹോദരിക്കുമായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അഖില്‍ദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹം നടന്നിട്ട് ഒന്നരയാഴ്ച മാത്രമേയായിട്ടുള്ളു. ഇതിനിടയിലാണ് യുവതിയെ ആഭിചാരക്രിയകള്‍ക്ക് വേണ്ടി നിര്‍ബന്ധിച്ചത്. യുവതിയെ മദ്യം നല്‍കി ബലം പ്രയോഗിച്ച് കട്ടിലില്‍ കിടത്തി. ബീഡി വലിക്കാന്‍ നല്‍കി. ഈ ബീഡികൊണ്ട് തലയില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഭസ്മം തീറ്റിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ പട്ടുകള്‍ ഉപയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിച്ചു. വീണ്ടും ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.
ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ യുവതിയെ അടിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ അഖില്‍ ദാസടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി ഒൻപത് മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകൾ നടന്നതായാണ് യുവതിയുടെ പിതാവ് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്. യുവതി ഇത് പിതാവിനോട് പറയുകയും പിതാവ് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
മര്‍ദ്ദന വിവരമറിഞ്ഞ് പിതാവ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതിയെ പറഞ്ഞ് വിട്ടിരുന്നില്ല. പിന്നാലെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ശിവദാസിനെയും അഖില്‍ദാസിനെയും പിതാവ് ദാസിനെയും കഴിഞ്ഞ ദിവസം മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

