‘പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ചെണ്ണം വാങ്ങി’; സി.എ.ജി റിപ്പോർട്ടിൽ മുൻ മന്ത്രി കെ.കെ. ശൈലജ
text_fieldsപാലക്കാട്: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഉയർന്ന തുകക്ക് പി.പി.ഇ കിറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സി.എ.ജി റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സി.എ.ജി റിപ്പോർട്ട് എന്ന് ഇടക്കിടെ പറയേണ്ട കാര്യമില്ല. വേണമെങ്കിൽ സർക്കാർ സി.എ.ജിക്ക് വ്യക്തത നൽകുമെന്നും കെ.കെ ശൈലജ പറഞ്ഞു.
പി.പി.ഇ കിറ്റിന് വിപണിയിൽ ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ച് കിറ്റുകൾ വാങ്ങിയിരുന്നു. ലക്ഷക്കണക്കിന് പി.പി.ഇ കിറ്റ് വാങ്ങിയപ്പോഴാണ് 15,000 കിറ്റുകൾ കൂടിയ വിലക്ക് വാങ്ങിയത്. ഓർഡർ ചെയ്ത പി.പി.ഇ കിറ്റ് മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. മുൻനിരപ്പോരാളികളെ സംരക്ഷിക്കുകയായിരുന്നു സർക്കാറിന്‍റെ ലക്ഷ്യം.
കോവിഡ് സാഹചര്യത്തിന്‍റെ ഗൗരവം കേരളത്തിലെ ജനം മറക്കില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ തുകയും നൽകിയത്. ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേയെന്നും കെ.കെ. ശൈലജ ചോദിച്ചു. റിപ്പോർട്ടിലെ കാര്യങ്ങളിൽ സർക്കാർ മറുപടി പറയുമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
കോവിഡ് കാലത്ത് പി.പി.ഇ കിറ്റടക്കം വാങ്ങിയതിലെ തീവെട്ടിക്കൊള്ള നടന്നതായാണ് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യൂനിറ്റിന് 550 രൂപക്ക് പി.പി.ഇ കിറ്റ് നൽകാൻ തയാറായ കമ്പനികളെ ഒഴിവാക്കി 800 രൂപ മുതൽ 1550 രൂപ വരെ ക്വാട്ട് ചെയ്ത കമ്പനികളിൽ നിന്നാണ് വാങ്ങിയതെന്നും ഇതുവഴി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ നടന്ന ഇടപാടിൽ സർക്കാർ വിശദീകരണം നൽകിയെങ്കിലും കണക്ക് നിരത്തി അവ തള്ളിയാണ് സി.എ.ജി അന്തിമ റിപ്പോർട്ട് തയാറാക്കിയത്.
550 രൂപക്ക് പി.പി.ഇ കിറ്റ് നല്‍കാമെന്ന് 2020 മാര്‍ച്ച് 28ന് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി സർക്കാറിനെ അറിയിച്ചെന്ന് ബോധ്യപ്പെട്ടതായി സി.എ.ജി വ്യക്തമാക്കുന്നു. ഇവരില്‍ നിന്ന് 25,000 പി.പി.ഇ കിറ്റ് വാങ്ങാന്‍ ആദ്യം ഓര്‍ഡര്‍ നല്‍കിയെങ്കിലും 10,000 എണ്ണത്തിനേ പർച്ചേസ് ഓർഡർ നൽകിയുള്ളൂ. രണ്ടു ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് 1000 രൂപ കൂട്ടി 1550 രൂപക്ക് 15,000 പി.പി.ഇ കിറ്റ് മറ്റൊരു കമ്പനിയായ സാന്‍ഫാര്‍മയില്‍ നിന്ന് വാങ്ങി.
രണ്ടു ദിവസം കൊണ്ട് അധികമായി നല്‍കിയത് 1.51 കോടി. മാര്‍ച്ച് തുടക്കത്തില്‍ 450 രൂപക്ക് വാങ്ങിയ പി.പി.ഇ കിറ്റ് മാര്‍ച്ച് മാസം അവസാനം 1550 രൂപക്കാണ് വാങ്ങിയത്. അതും കുറഞ്ഞ നിരക്കിൽ നൽകാൻ സന്നദ്ധരായ കമ്പനികളെ ഒഴിവാക്കി. സൺ ഫാർമ മാത്രമല്ല, 800 രൂപ മുതൽ 1550 രൂപ വരെ ഉയർന്ന വില ക്വാട്ട് ചെയ്ത കമ്പനികളിൽ നിന്നടക്കം 2.5 ലക്ഷം കിറ്റുകളാണ് ഈ കാലയളവിൽ വാങ്ങിയത്.
കോവിഡിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി പി.പി.ഇ കിറ്റുകളും എൻ 95 മാസ്കുകളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സർക്കാർ 2020 മാർച്ചിൽ പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ക്വട്ടേഷൻ, ടെൻഡർ ഔപചാരികതകളിൽനിന്ന് ഇളവും നൽകി. ഇതിന്‍റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങൽ. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമുണ്ടായിരുന്നതിനാൽ കിറ്റിന്‍റെ വിപണി വില 545 രൂപയായി സർക്കാർ നിശ്ചയിച്ച കാലത്തായിരുന്നു ഇത്.
കോവിഡ് കാല പർച്ചേസിന് മുന്‍കൂറായി 50 ശതമാനം തുകമാത്രമേ നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല്‍, ചട്ടങ്ങള്‍ മറികടന്ന് സാൻഫാർമ കമ്പനിക്ക് മുഴുവന്‍ തുകയും നൽകി. യൂനിറ്റിന് 1550 രൂപ നിരക്കിൽ 15,000 കിറ്റുകൾ വാങ്ങുന്നതിന് മൊത്തം തുകയായ 2.32 കോടിയാണ് മുൻകൂറായി നൽകിയത്. എന്നാൽ, സ്ഥാപനത്തിന് നൽകിയ ലെറ്റർ ഓഫ് ഇൻഡന്‍റിൽ (എൽ.ഐ.ഒ) 50,000 യൂനിറ്റിനാണ് ഓർഡർ നൽകിയതെന്നും ഇതിന്‍റെ ആകെ മൂല്യമായ 9.35 കോടിയുടെ 29 ശതമാനം മാത്രമേ (2.32 കോടി) മുൻകൂർ നൽകിയിട്ടുള്ളൂവെന്നുമായിരുന്നു സർക്കാർ നൽകിയ വിശദീകരണം. ഈ വാദം സി.എ.ജി നിരസിച്ചു. ‘‘കമ്പനി പുതിയതായതിനാലും ഉൽപന്നം പരിശോധിച്ചിട്ടില്ലാത്തതിനാലും ഉടൻ വിതരണം ചെയ്യാൻ ഓർഡറുകൾ നൽകിയത് 15,000 എണ്ണത്തിന് മാത്രമായിരുന്നെന്ന് ഓഡിറ്റ് നിരീക്ഷിച്ചതിൽ വ്യക്തമായി’’ എന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്ത് തന്നെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം സി.എ.ജി കൂടി സ്ഥിരീകരിച്ചതോടെ പിണറായി സർക്കാർ പ്രതിരോധത്തിലായിട്ടുണ്ട്. പുറത്തുവന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണെന്നും മുഖ്യമന്ത്രിയും കെ.കെ. ശൈലജയും മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് സതീശൻ പറഞ്ഞു. ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തകര്‍ന്നു വീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പി.ആര്‍ ഇമേജ് ആണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണ്.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫര്‍മയില്‍ നിന്നും മൂന്നിരട്ടി വിലക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്‍റെ പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. 14 വിതരണക്കാരുടെ ഒറ്റ മരുന്നിന്‍റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തല്‍ കെ.എം.എസ്.സി.എല്‍ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്.
സി.എ.ജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണ്. കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരും. സര്‍ക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാർഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

