Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെപ്റ്റംബർ 27ന്...

സെപ്റ്റംബർ 27ന് പ്രിയനേതാവിന്റെ ചരമവാർഷികം; 12 ദിനം മുമ്പേ അനുസ്മരണക്കുറിപ്പെഴുതി കരീംക്ക പോയി...

text_fields
bookmark_border
സെപ്റ്റംബർ 27ന് പ്രിയനേതാവിന്റെ ചരമവാർഷികം; 12 ദിനം മുമ്പേ അനുസ്മരണക്കുറിപ്പെഴുതി കരീംക്ക പോയി...
cancel

കൽപറ്റ: ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം ദിവസങ്ങൾക്ക് മുമ്പെഴുതിയ ഫേസ്ബുക്ക് കുറിപ്പ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കിടയിൽ നൊമ്പരമാകുന്നു. പി.പി.എ. കരീം തനെ പ്രിയനേതാവ് കെ.എ. മുഹമ്മദ് കുഞ്ഞി സാഹിബിന്‍റെ സെപ്റ്റംബർ 27നുള്ള ചരമവാർഷികത്തിനാണ് നേരത്തെ തന്നെ അനുസ്മരണക്കുറിപ്പെഴുതി വെച്ചത്. കഴിഞ്ഞ ‍ആഴ്ച ഇതേ ദിവസമാണ് കുറിപ്പ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. കൃത്യം ഒരാഴ്ചക്ക് ശേഷം പി.പി.എ. കരീം അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

തോട്ടം തൊഴിലാളി മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്.

പി.പി.എ കരീം ദിവസങ്ങൾക്ക് മുമ്പെഴുതിയ ഫേസ്ബുക്ക് കുറിപ്പ്:

കെ.എ. മുഹമ്മദ് കുഞ്ഞി സാഹിബ് "ഹരിത വീഥിയിലെ ഏകാന്തപഥികൻ"

കെ എ മുഹമ്മദ് കുഞ്ഞി സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് സെപ്റ്റംബർ 27ന് മുപ്പത്തി അഞ്ച് കൊല്ലം തികയുന്നു. വയനാട്ടിലെ മുസ്ലിം ലീഗിന് സംഘടനാ ശൈലിയും, രാഷ്ട്രീയ സാക്ഷരതയും പഠിപ്പിച്ച ഒരു കാലത്തും നമുക്ക് മറക്കാൻ പറ്റാത്ത രാഷ്ട്രീയ മനീഷി. ആലപ്പുഴയിലെ ആര്യാട്ട് പ്രദേശത്തെ പ്രമുഖമായ കാട്ടുങ്ങൽ കുടുംബത്തിൽ നിന്നുള്ള വിദ്യാസമ്പന്നനായ ഒരു യുവാവ്. 60 കളിൽ വയനാട്ടിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ മുഴുസമയ പ്രവർത്തകനായി കടന്നു വരിക എന്നത് ചിന്തനീയമല്ലായിരുന്നു.

ആലപ്പുഴയിലും മറ്റും ഒരുപാട് കോളേജുകൾ ഉണ്ടായിട്ടും മകൻ ഇസ്ലാമിക അന്തരീക്ഷത്തിൽ പഠിച്ചു വളരണം എന്ന ഉത്കടമായ ആഗ്രഹത്തോടെ മലബാറിലെ ഫാറൂഖ് കോളേജിൽ ചേർത്തിയ തങ്ങളുടെ മകനെ പറ്റി വലിയ പ്രതീക്ഷകൾ അവർക്ക് ഉണ്ടായിരുന്നിരിക്കാം..

പക്ഷേ തൻ്റെ ബിരുദ വിദ്യാഭ്യാസം തുടർന്നുകൊണ്ടിരുന്നപ്പോൾ തന്നെ സമുദായത്തിന്റെ ഗതിയെയും സ്ഥിതിയെയും പറ്റി ഉത്കണ്ഠ പൂണ്ടിരുന്ന മുഹമ്മദ് കുഞ്ഞി സാഹിബിന് മുന്നിലേക്ക് പ്രമുഖ തൊഴിലാളി യൂണിയൻ നേതാവും ചിന്തകനും സാഹിത്യകാരനുമായ ജനാബ് എം മുഹമ്മദ് അഷറഫ് സാഹിബിന്റെ ക്ഷണം വരുന്നത്.

വയനാട്ടിലെ പാവപ്പെട്ട തൊഴിലാളികൾക്കിടയിൽ സംഘബോധവും സംഘടനാ ബോധ്യവും വളർത്തി അവരെ സുശക്തമായ ഒരു സംഘം ആക്കി വളർത്തിയെടുക്കുന്നതിന് പ്രതിഫലേച്ച കൂടാതെ സേവനം അനുഷ്ഠിക്കാൻ തയ്യാറുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്ക് വേണ്ടിയുള്ള അന്വേഷണമാണ് ക്ഷണക്കത്തിന്റെ രൂപത്തിൽ വന്നത്.

ഈ ക്ഷണം സ്വീകരിച്ച അദ്ദേഹം കലാലയത്തോട് വിട പറഞ്ഞു വയനാട്ടിലെ മേപ്പാടിയിൽ എത്തി മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടു. ടൗണിലെ ഒരു മാളിക പുറത്തുള്ള പാർട്ടി ഓഫീസിൽ താമസമായി.

ജന്മനാട്ടിലെ വീട്ടിലുള്ള സുഖസൗകര്യങ്ങളും, കോളേജ് ഹോസ്റ്റലിലെ അല്ലലറിയാതെയുള്ള ജീവിതവും, ഉപേക്ഷിച്ചുകൊണ്ട് 1960 കളിൽ അന്നത്തെ അതിശൈത്യത്തെയും, പകർച്ചവ്യാധികളെയും, ക്ഷുദ്രജീവികളുടെ ഉപദ്രവത്തെയും, നേരിട്ടുകൊണ്ട് അദ്ദേഹം വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങി.

തോട്ടങ്ങളിലെ പ്രമുഖ യൂണിയനുകൾ ആയിരുന്ന ഐ എൻ ടി യു സി, എ ഐ ടി യു സി, (പിന്നീട്,C I T U ) എന്നീ യൂണിയനുകളുടെ പ്രതാപ കാലം. ഒരു പുതിയ സംഘടനയുടെ ജന്മം ക്ഷിപ്രസാധ്യമായിരുന്നില്ല. എതിർപ്പുകൾ ഏറെ വിമർശനങ്ങളും, പരിഹാസങ്ങളും, ഒരുപാട് സഹിക്കേണ്ടിവന്നു. നിലവിലുള്ള യൂണിയനുകളുടെ പ്രവർത്തന ശൈലിയെ അപ്പാടെ തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നു STU വിൻ്റെ രംഗപ്രവേശനം.

അനാവശ്യമായി വേണ്ടതിനും, വേണ്ടാത്തതിനും, ഒക്കെ തൊഴിലാളികളെ കൊണ്ട് പണിമുടക്കം അടക്കമുള്ള സമരപരമ്പരകൾ നടത്തിച്ചുകൊണ്ട് ഉത്പാദന നഷ്ടവും, തൊഴിലാളികൾക്ക് വരുമാന നഷ്ടവും, ഉണ്ടാക്കുന്ന ട്രേഡ് യൂണിയൻ ശൈലി നാട്ടിനും തൊഴിലാളികൾക്കും ദ്രോഹമാണ് വരുത്തിവെക്കുന്നത് എന്ന് തൊഴിലാളികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം.

അതിന് അദ്ദേഹം മുതലാളി ചാരൻ എന്ന ആക്ഷേപവും സഹിക്കേണ്ടിവന്നു. സംഘടന പ്രവർത്തനരംഗത്തും സത്യസന്ധതയും നേരും നെറിയും ദൈവഭയവും തൊഴിലാളികൾക്കുണ്ടാവണമെന്ന ആഹ്വാനം STU വിനെ മഹ്ശറ യൂണിയൻ എന്ന പരിഹാസ പേരിന് കാരണമാക്കി. പക്ഷേ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഒന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.

താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചു നിന്നു കൊണ്ട് ശക്തമായ രീതിയിൽ തൊഴിലാളി പ്രവർത്തനം നടത്തിയതിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ ജില്ലയിൽ പ്രമുഖ തോട്ടങ്ങളിലെ പ്രബല ശക്തിയായി എസ്ടിയു മാറി.

അനാവശ്യ സമരങ്ങൾ ഒഴിവാക്കിക്കൊണ്ട് അനുരഞ്ജന സംഭാഷണങ്ങളും, നിയമാനുസൃത നീക്കങ്ങളും വഴി തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഓരോന്നായി ലഭിച്ചു തുടങ്ങിയപ്പോൾ മറ്റു സംഘടനകളും പ്രശ്നപരിഹാരത്തിന് എസ് ടി യു വിന്റെ മാർഗ്ഗം സ്വീകരിച്ചു തുടങ്ങി.

ട്രേഡ് യൂണിയൻ പ്രവർത്തനത്തിനോടൊപ്പം ലീഗ് രാഷ്ട്രീയ രംഗത്തും അദ്ദേഹം ശോഭിച്ചു. തെക്ക് വയനാട് താലൂക്ക് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വയനാട് ജില്ല ലീഗ് ജനറൽ സെക്രട്ടറി, എന്നീ സ്ഥാനങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചു.

പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്, ഉയർന്ന രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ എല്ലാം പ്രക്ഷോഭിച്ചപ്പോഴും അനർഹമായ യാതൊരു പ്രതിഫലവും സ്വീകരിക്കാൻ കൂട്ടാക്കാത്ത ഒരാൾ.

മേപ്പാടിയിലെ ലീഗ് ഓഫീസിനു മുകളിൽ അദ്ദേഹം ഇരിക്കുമ്പോൾ തൻറെ കുട്ടികൾ വീട്ടിലേക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ താഴെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടാവും എന്നാലും ആരുടെയെങ്കിലും ഔദാര്യം പറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആദ്യകാലങ്ങളിൽ സമയത്തിന് ഭക്ഷണം ലഭിക്കാതെ ലീഗ് ഓഫീസിൽ തളർന്നുവീണ അനുഭവം വരെ ഉണ്ടായിട്ടുണ്ട്.

എന്നിട്ടും ആരോടും അദ്ദേഹത്തിന് പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. കൽപ്പറ്റയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും കാപ്പം കൊല്ലിയിലെ വീട്ടിലേക്ക് രാത്രി ബസ്സിൽ വന്നിറങ്ങി കയ്യിൽ ഒരു മെഴുക് തിരിയും കത്തിച്ചു പിടിച്ചു കൊണ്ട് ഏകനായി നടന്നു നീങ്ങുന്ന മുഹമ്മദ് കുഞ്ഞി സാഹിബിനെ കുറിച്ച് ബിജെപി നേതാവായിരുന്ന ശ്രീ ശ്രീധരൻ എഴുതിയിരുന്നത് ഓർത്തുപോകുന്നു...

പാർട്ടി ക്ലാസുകളിൽ സംസാരിക്കുമ്പോൾ അദ്ദേഹം മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ശൈലി അത്യാകർഷണീയമായിരുന്നു. അദ്ദേഹത്തിൻറെ പൊതുയോഗങ്ങളിലെ രാഷ്ട്രീയ പ്രസംഗം ശ്രവിക്കാൻ സമൂഹത്തിലെ ബുദ്ധിജീവികൾ കാത്തിരിക്കാറുണ്ടായിരുന്നു.

നിരന്തരമായ സംഘടനാ പ്രവർത്തനവും അലച്ചിലും സമയാസമയങ്ങളിലെ ഭക്ഷണക്കുറവും ഈ രീതിയിലുള്ള ജീവിതശൈലി അദ്ദേഹത്തിന് സമ്മാനിച്ചത് മാരകരോഗങ്ങൾ ആയിരുന്നു.

ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോൾ തന്നെ കാണാൻ വന്ന അന്നത്തെ മന്ത്രി ശ്രീമതി എം കമലത്തോട് അദ്ദേഹം ആവശ്യപ്പെട്ടത് ക്യാൻസർ വാർഡിൽ കഠിനമായ വേദന അനുഭവിച്ച കിടക്കുന്ന രോഗികൾക്ക് ആശ്വാസം നൽകാൻ ഒരു ടെലിവിഷൻ സ്ഥാപിക്കണം എന്നതായിരുന്നു.

ഇത്രയൊക്കെ ഉയർന്ന സ്ഥാനത്തിരുന്നിട്ടും സംഘടനയിൽ നിന്നും താങ്കൾക്ക് അർഹതപ്പെട്ടതൊന്നും ലഭിച്ചില്ലല്ലോ എന്ന് അഭ്യുദയകാംക്ഷികൾ സഹതപിക്കുമ്പോൾ വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

എനിക്ക് ആശയില്ല അതിനാൽ നിരാശയും, എനിക്ക് മോഹങ്ങൾ ഇല്ല അതിനാൽ മോഹഭംഗവും, ഞാൻ ഓടാറില്ല അതുകൊണ്ട് തളരാറുമില്ല, എന്ന് ഒരു യോഗിയുടെ നിസ്സംഗതയോടെ പറയാൻ കഴിഞ്ഞ കർമ്മയോഗി. ഒടുവിൽ തൻറെ 56മത്തെ വയസ്സിൽ രണ്ട് വ്യാഴവട്ട കാലത്തെ അത്യുജ്ജ്വലമായ പ്രവർത്തനത്തിനൊടുവിൽ സെപ്റ്റംബർ മാസം 27ആം തീയതി അദ്ദേഹം രക്ഷിതാവിങ്കലേക്ക് യാത്രയായി..

ദരിദ്രനായി, ആരോടും പരാതിയില്ലാതെ,ആശുപത്രിയിൽ തന്നെ സന്ദർശിച്ച അവർക്കെല്ലാം പോസ്റ്റുകാർഡിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടും, ദുആ വസിയ്യത്ത് ചെയ്തുകൊണ്ടുമുള്ള സന്ദേശം അയച്ചുകൊടുത്തതിനുശേഷം വയനാട്ടിലെ ഹരിത രാഷ്ട്രീയ ചരിത്രത്തിൽ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറഞ്ഞുകൊണ്ടും, തെറ്റാണെന്ന് തോന്നിയ കാര്യങ്ങൾ തെറ്റാണെന്ന് ആരുടെയും മുഖത്തുനോക്കി പറയാനുള്ള ആർജ്ജവം കാണിച്ചു കൊണ്ടും, ഒരാളുടെയും സൗജന്യം അനുഭവിക്കാത്തത് കൊണ്ട് തന്നെ ആരുടെയും മുന്നിൽ തലകുനിക്കാനുള്ള ദുരവസ്ഥയില്ലാതെ മാന്യവും അന്തസുറ്റവുമായ യാത്ര....

പ്രിയപ്പെട്ട നേതാവേ, അങ്ങയുടെ പാരത്രിക ജീവിതം സർവ്വശക്തൻ സുഖ സമ്പൂർണ്ണമാക്കി തീർക്കട്ടെ... (ആമീൻ യാ റബ്ബൽ ആലമീൻ..)

Show Full Article
TAGS:PPA kareem 
News Summary - PPA kareem fb post about KA Muhammed Kunji
Next Story