'അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, ആനപ്പുറത്ത് ഇരിക്കുന്നവൻ പട്ടിയെ പേടിക്കേണ്ടതില്ല'; മന്ത്രി വീണ ജോർജിന് പിന്തുണയുമായി പി.പി.ദിവ്യ
text_fieldsകണ്ണൂർ: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിന് പിന്നാലെ രൂക്ഷ വിമർശനം നേരിടുന്ന ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ.
അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടുമെന്നും കൂടെയുള്ള ഒന്നിനെ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ കൂടെനില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പി.പി. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി. ഇടതു ഭരണത്തിന്റെ തുടർച്ചയിൽ അധികാരം, ചെങ്കോൽ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കോപ്രായങ്ങൾ ജനം പുച്ഛത്തോടെ തള്ളികളഞ്ഞുവെന്നും ദിവ്യ പറഞ്ഞു.
കോൺഗ്രസ് എം.എൽ.എ ചാണ്ടി ഉമ്മനെയും രൂക്ഷമായി വിമർശിച്ചു. ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാർ എങ്കിലും കൊടുക്കേണ്ടതാണെന്നും ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോയെന്നും ദിവ്യ ചോദിച്ചു.
പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
"മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്..
"Dog's will bark, but the elephant keeps walking"
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.. വലതു മാധ്യമങ്ങൾക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്. ഇടതു ഭരണത്തിന്റെ തുടർച്ചയിൽ അധികാരം, ചെങ്കോൽ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കോപ്രായങ്ങൾ ജനം പുച്ഛത്തോടെ തള്ളികളഞ്ഞു കഴിഞ്ഞു..ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാർ എങ്കിലും കൊടുക്കേണ്ടതാണ്.. കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ...യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മുണ്ടക്കയത്തെ 30 വീടിനു വേണ്ടി പിരിച്ചെടുത്തു മുക്കിയ കോടികളെ കുറിച്ച് ഇനി ആരും ചോദിക്കുകയും ചെയ്യരുത്..
അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റു കാരുടെയും ചുമതലയാണ്..."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

