Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പവർകട്ടിന്‍റെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

text_fields
bookmark_border
പവർകട്ടിന്‍റെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്
cancel

കൊച്ചി: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! എറണാകുളത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു.

വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വൈദ്യുതി തടസ്സപ്പെടുന്നത്. എറണാകുളം ആശിർഭവനിലാണ് പരിപാടി നടന്നത്. വൈദ്യുതി വകുപ്പിനെ പൊതുമേഖലയിൽ നിലനിർത്തുമെന്നും മൂന്നു കമ്പനികളായി വിഭജിക്കില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ജീവനക്കാരുടെ കൈയടി നേടി നിൽക്കുമ്പോഴാണ് ഇരുട്ടടിയായി വൈദ്യുതി തടസ്സപ്പെടുന്നത്. ഇതോടെ മന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. വേദിയും ഇരുട്ടിലായി.

ഏതാനും മിനിറ്റുകൾ വേദിയിൽ നിന്നെങ്കിലും വൈദ്യുതി വന്നില്ല. പിന്നാലെ പ്രസംഗം പാതിവഴിയിൽ നിർത്തി മന്ത്രി വേദി വിടുകയായിരുന്നു. ‘എന്‍റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയാം’ എന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പരിപാടിയിലാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങിയതെന്നതാണ് ഏറെ കൗതുകം. കടുത്ത ചൂടും ഉപഭോഗത്തിലെ അപ്രതീക്ഷിത വർധനയും കാരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു. പെട്ടെന്ന് സ്വിച്ചിട്ട് പരിഹരിക്കാവുന്നതോ അത്ഭുതങ്ങൾ സംഭവിക്കുന്നതോ ആയ ഒരു സാഹചര്യമല്ല നിലവിലുള്ളത്. എവിടെനിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയാറാണെന്നും അതിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, വെള്ളിയാഴ്ച രാത്രിയും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്‍റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30ന് രേഖപ്പെടുത്തിയ 5450 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

കൂടാതെ മധ്യപ്രദേശിൽ നിന്നും കൈമാറ്റകരാര്‍ (SWAP) വഴി കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായിരുന്നതുമായ 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യവുമല്ല. ആയതിനാൽ ഇന്ന് 200 മെഗാവാട്ടിന്‍റെ അധികകുറവുകൂടി നേരിടുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്‍റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12:45 വരെ ഉള്ള സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Power went out while speaking; Sunny Joseph stopped speech halfway and left the stage
Next Story