തൽക്കാല വൈദ്യുതി നിയന്ത്രണമില്ല; ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: വേനൽ രൂക്ഷമാണെങ്കിലും തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ജൂൺ 30 വരെയുള്ള ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം ഇനിയും ഗണ്യമായി ഉയർന്നാൽ നിയന്ത്രണം വേണ്ടി വന്നേക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ ഉപയോഗത്തിന് പത്ത് ശതമാനത്തിന്റെ വർധന ഇക്കൊല്ലമുണ്ടായി. ജനങ്ങൾ പീക്ക് സമയത്ത് ഉപയോഗം കുറയ്ക്കണം. ഉയർന്ന വിലകൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. പത്ത് രൂപയുണ്ടായിരുന്ന വൈദ്യുതി ഇന്നലെ യൂനിറ്റിന് 20 രൂപക്ക് വാങ്ങേണ്ടി വന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വൈദ്യുതി ഉപയോഗം റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. തിങ്കളാഴ്ച 100.3586 ദശലക്ഷം യൂനിറ്റായിരുന്ന ഉപയോഗം ചൊവ്വാഴ്ച 102.95 ദശലക്ഷം യൂനിറ്റായി ഉയർന്നു. കഴിഞ്ഞവർഷം ഇതേസമയം 89.62 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. ഏതാനും ദിവസങ്ങളായി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നതിനെത്തുടർന്ന് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പ്രതീക്ഷക്കപ്പുറം വൈദ്യുതി ആവശ്യകതയാണിപ്പോൾ. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയെത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബോർഡ്.
ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മർദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നു. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനഃക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ശ്രമം. വൈകീട്ട് ആറിനും 11 നുമിടയിൽ ഉപയോഗം പരമാവധി കുറക്കാൻ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുത്. മറ്റുസമയങ്ങളിലേക്ക് ഉപയോഗം മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം. താൽക്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

