പവർ ഹാട്രിക് പ്രതീക്ഷയിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഭരണവിരുദ്ധവികാരത്തെ വികസനവും ക്ഷേമവും കൊണ്ട് മറികടന്ന് ചരിത്രപരമായ പവർ ഹാട്രിക്കിലേക്ക് ചുവുടുറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. അവസാന മണിക്കൂറിൽ ഭരണനേട്ടങ്ങളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചതിൽ പ്രകടമാകുന്നതും ഈ ശുഭപ്രതീക്ഷയാണ്. വികസന നയത്തിൽ ഊന്നിയുള്ള പ്രചാരണവും കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാഷ്ട്രീയ സമരവും താഴെത്തട്ടിലുള്ള ജനാധിപത്യപരമായ തിരുത്തലുകളും അനുകൂലമായ സാഹചര്യം ഒരുക്കിയുണ്ടെന്ന് മുന്നണി വിലയിരുത്തുന്നു.
സിറ്റിങ് എം.എൽ.എമാരെ വീണ്ടും പരിഗണിച്ചത് വലിയൊരളവ് ഗുണം ചെയ്യുമെന്നതാണ് സി.പി.എം കണക്ക്കൂട്ടുന്നത്. അഞ്ച് വർഷം മണ്ഡലങ്ങളിൽ സജീവമായിരുന്ന എം.എൽ.എൽമാർക്കൊന്നും നെഗറ്റീവുകളില്ലെന്ന് മാത്രമല്ല ജനപ്രിയരുമാണെന്ന് പാർട്ടി വിലയിരുത്തുന്നു. എൽ.ഡി.എഫ് ആത്മവിശ്വാസത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വമാണ്. ‘നിശ്ചയദാർഢ്യമുള്ള ഭരണാധികാരി’എന്ന ഇമേജുമായി കളത്തിലിറങ്ങിയ മുഖ്യമന്ത്രി, ഒരു ദിവസം നാല് വീതം എന്ന നിലയിൽ 42 പൊതുയോഗങ്ങളിൽ പങ്കെടുത്തതും ആവേശമായി. ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശതിരഞ്ഞെടുപ്പിലേതുപോലെ പരിക്കേൽപ്പിക്കില്ലെന്നാണ് മുന്നണി കരുതുന്നത്.
എസ്.ഡി.പി.ഐ പിന്തുണ വിവാദത്തിൽ ആദ്യം ഇടറിയെങ്കിലും ‘ബി.ജെ.പിയുടെ വരവ് തടയുന്നതിനുള്ള തന്ത്രപരമായ അടവ്’ എന്ന് പറഞ്ഞൊപ്പിക്കാനായി എന്നാണ് ആശ്വാസം. തദ്ദേശ തെരഞ്ഞെുപ്പ് പരാജയത്തിന് പിന്നാലെ തിരുത്തൽ നടപടികളുടെ ഭാഗമായി തുടങ്ങിയ ‘വികസന മുന്നേറ്റ ജാഥ’ മുതൽ ഗൃഹസന്ദർശനങ്ങളും പ്രചാരണങ്ങളും പിന്നിട്ട് പോളിങ് ദിനമെത്തുമ്പോൾ തികഞ്ഞ പ്രതീക്ഷ തന്നെയാണ് ഇടതുക്യാമ്പ് പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

