Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിയുടെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങി; മൊബൈൽ ടോർച്ച് തെളിച്ച് സദസ്സ്

text_fields
bookmark_border
https://www.madhyamam.com/tags/n-shamsudheen
cancel
camera_alt

വൈദ്യുതി മുടങ്ങിയപ്പോൾ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ പ്രസംഗം തുടരുന്ന മന്ത്രി എൻ. ഷംസുദ്ദീൻ 

തിരൂർ: തിരൂർ ചേംബർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മന്ത്രി എൻ. ഷംസുദ്ദീന്റെ സ്വീകരണച്ചടങ്ങിൽ പ്രസംഗത്തിനിടെ വൈദ്യുതി നിലച്ചു. ഇരുട്ടിലായ സദസ്സിൽ മൊബൈൽ ഫോണുകളുടെ ടോർച്ച് തെളിച്ചാണ് മന്ത്രിക്ക് വെളിച്ചമൊരുക്കിയത്.

മൈക്കിന്റെ സ്പീക്കറിന് ബാറ്ററി ബാക്കപ്പ് ഉണ്ടായിരുന്നതിനാൽ വൈദ്യുതി മുടങ്ങിയിട്ടും മന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടില്ല. വൈകീട്ട് ആറരയോടെയാണ് മന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ വൈദ്യുതി ബന്ധം നിലച്ചത്. തുടർന്ന് സദസ്സിലുണ്ടായിരുന്നവർ മൊബൈൽ ഫോണുകളിലെ ടോർച്ചുകൾ തെളിക്കുകയായിരുന്നു. വെളിച്ചം പരിമിതമായിരുന്നെങ്കിലും മന്ത്രി പ്രസംഗം തുടർന്നു.

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ബദൽ ഊർജസ്രോതസ്സുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പ്രസംഗത്തിൽ ഓർമിപ്പിച്ചു. അതേസമയം, വൈകീട്ട് 6.20 മുതൽ 6.45 വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

വൈദ്യുതി മുടക്കം മുൻകൂട്ടി അറിയാമായിരുന്നിട്ടും പ്രസംഗവേളയിൽ ബദൽ വെളിച്ചസംവിധാനം ഒരുക്കാതിരുന്നതാണ് സദസ്സ് ഇരുട്ടിലാകാൻ കാരണമായതെന്നാണ് വിവരം. ചടങ്ങിൽ സംഘടനാംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കുകയും ദേശീയ നാളികേര പുരസ്‌കാരം നേടിയ പി.ടി. സുഷമയെ അനുമോദിക്കുകയും ചെയ്തു.

മലപ്പുറം ജില്ല ട്രേഡേഴ്‌സ് വെൽഫെയർ ഫണ്ടിന്റെ കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച രണ്ടു വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ വീതം മരണാനന്തര സഹായവും വിതരണം ചെയ്തു. സംഘടനാംഗങ്ങളായ വ്യാപാരികൾ, ജീവനക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിവരുടെ മക്കൾക്കുള്ള ലത്തീഫ് കുന്നത്ത് സ്മാരക പുരസ്‌കാരങ്ങളും കാഷ് പ്രൈസുകളും ചടങ്ങിൽ സമ്മാനിച്ചു.

ഏതാനും ദിവസങ്ങൾക്കു മുമ്പ്, കൊച്ചിയില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കെഎസ്ഇബി ഓഫിസേഴ്സ് ഫെഡ‍റേഷന്‍റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു. കുറച്ചു സമയം സ്റ്റേജിൽ തുടർന്ന ശേഷം ഉദ്ഘാടനം പൂർത്തിയായതായി പ്രഖ്യാപിച്ച് മന്ത്രി പരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്നു.

വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ആ മുൾക്കിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് വിശദീകരിച്ച് തൊട്ടുപിന്നാലെയാണ് വൈദ്യുതി നിലച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story