ഒരാഴ്ചകൊണ്ട് മാറ്റമുണ്ടാകും; വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ, മൂലമറ്റത്തെ ജനറേറ്റർ അറ്റകുറ്റപ്പണി മാറ്റി
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം/മൂലമറ്റം: ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരാഴ്ച കൊണ്ട് മാറ്റം വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടുതൽ വൈദ്യുതി വാങ്ങാൻ ചർച്ചകൾ നടക്കുന്നു. ഒഡിഷയിൽനിന്ന് 150ഉം ആണവോർജ കോർറേഷനിൽനിന്ന് 150ഉം മെഗാവാട്ട് കിട്ടി. എട്ട് സംസ്ഥാനങ്ങളുമായി ചർച്ച നടക്കുന്നു. ഹ്രസ്വ- ദീർഘകാല കരാറുകൾ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ടി.പി.സിയിൽനിന്ന് യൂനിറ്റിന് 30 രൂപ വില വരുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല. ഹിമാചലുമായി ചർച്ച നടക്കുകയാണ്. തമിഴ്നാട് 38 രൂപക്ക് വൈദ്യുതി വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഉണ്ടാക്കിയിരുന്നു. നമുക്ക് പത്ത് രൂപയുടെ പരിധിയുണ്ട്. ഒക്ടോബർ മുതൽ അടുത്ത മൺസൂൺ വരെ വിതരണം സുഗമമാക്കാൻ വൈദ്യുതി വാങ്ങുന്നതിന് നടപടയെടുക്കും. ഇതിനായി വിവിധ സ്ഥാപനങ്ങളുമായി കരാർ ഒപ്പിടും.
ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ട് സമഗ്ര വൈദ്യുതി നയം കൊണ്ടുവരും. 2030ൽ വൈദ്യുതി ആവശ്യം 10,000 മെഗാവാട്ടയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നിൽ കണ്ടുള്ള ഇടപെടൽ ഉണ്ടാകും. എ.ഐ, സെമി കണ്ടക്ടർ വികസനവുമായി ബന്ധപ്പെട്ടും കൂടുതൽ വൈദ്യുതി ആവശ്യകത സംസ്ഥാനത്തുണ്ട്. പരമ്പര്യേതര ഊർജം 2,500 മെഗാവാട്ടോളം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും സ്റ്റോറേജ് സംവിധാനമില്ല. അത് ഉണ്ടാക്കും -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി തൽക്കാലം മാറ്റിവെക്കുന്നു. വാർഷിക അറ്റകുറ്റപ്പണിയിലുള്ള ജനറേറ്റർ ഉടൻ പ്രവർത്തനസജ്ജമാക്കാനും തീരുമാനമായി. കെ.എസ്.ഇ.ബി സി.എം.ഡി എം.ജി. രാജമാണിക്യം മൂലമറ്റം വൈദ്യുതി നിലയത്തിലെത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം.
രണ്ടു ദിവസത്തിനുള്ളിൽ നിലയത്തിലെ ആറ് ജനറേറ്ററും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.ജൂൺ മുതൽ ഓരോ മാസവും ഓരോ ജനറേറ്റർ വീതം അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചുവരുകയായിരുന്നു. ഒരു ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തുമ്പോൾ 130 മെഗാവാട്ട് വൈദ്യുതി ഉൽപാദനം കുറയും.
നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി തൽക്കാലം അറ്റകുറ്റപ്പണി മാറ്റിവെച്ച് മുഴുവൻ ജനറേറ്ററും പ്രവർത്തിപ്പിക്കാനാണ് ധാരണ. ഇതോടെ മൂലമറ്റം നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർധിപ്പിച്ച് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

