Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപവർകട്ട് ഇല്ലാത്ത...

പവർകട്ട് ഇല്ലാത്ത പത്തുവർഷമെന്നത് പെരുംനുണ; അഴിമതിയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
പവർകട്ട് ഇല്ലാത്ത പത്തുവർഷമെന്നത് പെരുംനുണ; അഴിമതിയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി. സതീശൻ
cancel

തിരുവനന്തപുരം : കൊടുംചൂടിനിടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ കൊട്ടിഘോഷിച്ച 'പവർകട്ട് ഇല്ലാത്ത പത്തുവർഷം' എന്നത് വെറും പെരുംനുണയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു. അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സതീശൻ ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ദീർഘകാലത്തേക്ക് യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഒപ്പിട്ട കരാർ അഴിമതി ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കി. ഇതിലൂടെ വൻ ലാഭമുണ്ടാക്കാൻ സ്വകാര്യ കമ്പനികളെ സർക്കാർ സഹായിച്ചു. 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി ഇപ്പോൾ 6 മുതൽ 12 രൂപ വരെ നൽകിയാണ് വാങ്ങുന്നത്. ഇതുവഴി കെ.എസ്.ഇ.ബിക്ക് പ്രതിദിനം 15 മുതൽ 20 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

യുഡിഎഫ് സർക്കാർ സജ്ജമാക്കിയ പവർ കൊറിഡോറും കുറഞ്ഞ നിരക്കിലുള്ള കരാറുകളും ഉപയോഗപ്പെടുത്തിയാണ് ഇത്രയും കാലം പിണറായി സർക്കാർ മേനി നടിച്ചത്. കരാർ റദ്ദാക്കിയതിലൂടെ കമ്പനികൾക്ക് 2000 കോടിയുടെ ലാഭമുണ്ടായി. ഇതിന്റെ വിഹിതം ആർക്കൊക്കെയാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഉടൻ പിൻവലിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷമെന്ന പെരും നുണ. വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കിയ പവര്‍ കൊറിഡോറും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാല കരാറും ഉപയോഗപ്പെടുത്തിയാണ് പവര്‍ കട്ട് ഒഴിവാക്കിയെന്ന് പിണറായി സര്‍ക്കാര്‍ മേനി നടിച്ചത്. രണ്ടു വര്‍ഷം മുന്‍പ് കരാര്‍ റദ്ദാക്കിയതിനു ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി 6 മുതല്‍ 12 രൂപ വരെ നല്‍കി വാങ്ങിയത്. ഇതിലൂടെ ദിവസേന 15 മുതല്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഈ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയത്.

സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീര്‍ഘകാല വൈദ്യുതി പര്‍ച്ചേസ് കരാര്‍ റദ്ദാക്കല്‍. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ.എസ്.ഇ.ബിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും പങ്കുണ്ട്. കരാര്‍ അട്ടിമറിച്ചതില്‍ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സര്‍ക്കാര്‍ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷന്‍.

കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ ഏതൊക്കെ ഗൂഢാലോചനകളാണ് നടന്നതെന്ന് അവസാന കാലത്തെങ്കിലും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. അഴിമതി പണം ഏതൊക്കെ പെട്ടിയിലേക്കാണ് പോയതെന്നും കണ്ടെത്തണം. ദീര്‍ഘകാല കരാറുകള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും നിരക്ക് വര്‍ദ്ധനയും ഒഴിവാക്കാമായിരുന്നു. 2040 വരെ കേരളത്തിന് 4 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും സര്‍ക്കാരും ചെയ്തത്. ഇതിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഈ അഴിമതിയെ കുറിച്ച് അന്വേഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power CrisisPinarayi VijayanVD SatheesanKSEB
News Summary - Power Crisis Man-made: VD Satheesan Slams Kerala Govt Over Undeclared Load
Next Story