വൈദ്യുതി പ്രതിസന്ധി: ഈ മാസം മുഴുവൻ ഇരുട്ടിൽ തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഈ മാസം പൂർണമായി തുടരും. നിയന്ത്രണ സമയം വ്യാഴാഴ്ച മുതൽ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കാൻ മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒന്നര മണിക്കൂർ വരെ പല തവണയായി മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി വിഛേദിക്കുന്നതിൽ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് അറിയിപ്പ് നൽകാൻ തീരുമാനിച്ചത്.
അത്യുഷ്ണ കാലാവസ്ഥയിൽ രാത്രിയിൽ ഒന്നിലേറെ തവണയാണ് വൈദ്യുതി മുടങ്ങിയത്. മെഴുകുതിരിയോ എമർജൻസിയോ എടുത്ത് മുൻകൂട്ടി തയാറെടുക്കാൻ പോലും ജനത്തിന് കഴിയാത്ത വിധം വൈദ്യുതി നിലയ്ക്കുന്ന സ്ഥിതി. ദിവസം 1000 മെഗാവാട്ടിന്റെ വരെ കുറവ് നേരിടുന്നതിനാൽ സെപ്റ്റംബറിൽ നിന്ത്രണമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് വിലയിരുത്തൽ.
സംസ്ഥാന ലോഡ് ഡെസ്പാച്ചിങ് സെന്ററാണ് (എസ്.എൽ.ഡി.സി) നിയന്ത്രണം മുൻകൂട്ടി അറിയിക്കാൻ സോഫ്റ്റ് വെയർ തയാറാക്കിയത്. ഉന്നതതല യോഗം അത് പരശോധിക്കുകയും ചെയ്തു. സാങ്കേതിക വിഷയങ്ങൾ ഉള്ളതിനാൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഏകദേശ സമയമാകും പറയുക.
ഒക്ടോബർ ഒന്നോടെ പ്രതിസന്ധി പരിഹാരിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതുതയായി 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. ഇതിന് കരാറായി. കടംവാങ്ങൽ കരാർ പ്രകാരം വൈദ്യുതി മടക്കി നൽകേണ്ടത് സെപ്റ്റംബറിൽ പൂർത്തിയാകും.
പുതിയ കരാറുകൾ വഴി കൂടുതൽ വൈദ്യുതി ലഭിക്കുകയും ചെയ്യും. ദേശീയതലത്തിലെ കൽക്കരി ക്ഷാമം മൂലം വന്ന കുറവ് കൂടി പരിഹരിക്കുന്ന സാഹചര്യത്തിൽ 900 മെഗാവാട്ടിന്റെ കുറവ് നികത്താനാകും. ഒക്ടോബർ, നവംബർ മാസങ്ങളിൽ ബുദ്ധിമുട്ടില്ലാതെ പോകാനാകുമെന്ന് ബോർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു.
600 മുതൽ 800 വരെ മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് ബുധനാഴ്ച നിയന്ത്രണം വേണ്ടിവന്നത്. ഗ്രിഡ് ഫ്രീക്കൻസി ക്രമാതീതമായി കുറയുന്ന സ്ഥിതിയുണ്ടായി. പവർ എക്സ്ചേഞ്ചിൽനിന്ന് ലഭ്യത കുറഞ്ഞു.
കേന്ദ്ര നിലയങ്ങളിൽനിന്ന് കിട്ടേണ്ടതിൽ 150 മെഗാവാട്ട് വരെ കുറഞ്ഞു. ഇതോടെ രാത്രി 8.15 മുതൽ പുലർച്ചെ ഒന്നു വരെ നിയന്ത്രണം നീണ്ടു. വൈകീട്ട് ഏഴിന് അനുഭവപ്പെടുന്ന അതേ ആവശ്യകതയാണ് രാത്രി ഒരു മണിക്കും നേരിടേണ്ടി വന്നതെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

