‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരെ പരാതി കൊടുത്ത സംഘടനക്ക് പ്രവർത്തന റിപ്പോർട്ട് ഇല്ലെന്ന് രജിസ്ട്രേഷൻ വകുപ്പ്
text_fieldsതിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറി ആയിട്ടുള്ള റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് 2021 മുതലുള്ള പ്രവർത്തന റിപ്പോർട്ട് അടങ്ങുന്ന വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പ്.
ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് പത്തനംതിട്ട ജില്ലാ രജിസ്ട്രേഷൻ ജനറൽ ഓഫീസ് നൽകിയ വിവരാവകാശ മറുപടിയിലാണ് റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിയെന്ന സംഘടന 2020-21 മുതൽ നാളിതുവരെ പ്രവർത്തന റിപ്പോർട്ട് അടക്കം വരവ് ചെലവ് ഉൾപ്പെടുന്ന സംഘടനയുടെ വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
2018-ൽ രജിസ്റ്റർ ചെയ്ത സംഘടന 2019-20 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് മാത്രമേ ഇതുവരെ ഫയൽ ചെയ്തിട്ടുള്ളൂവെന്ന് ഡിപ്പാർട്മെന്റ് തന്നെ വ്യക്തമാക്കുമ്പോൾ 2021 മുതൽ പ്രസാദ് കുഴിക്കാലയുടെ സംഘടന യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.
സംഘടന റിപ്പോർട്ട് അടക്കം വരവ് ചെലവ് കണക്കുകൾ അടങ്ങുന്ന വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിന് പ്രവർത്തനമുള്ള സമിതികൾ മൂന്നു മാസത്തിൽ കൂടുതൽ സാധാരണ ഗതിയിൽ വീഴ്ചകൾ വരുത്താറില്ല. 2021-ന് ശേഷം ഇതുവരെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി വാർഷിക റിട്ടേൺസുകൾ സർക്കാറിൽ ഫയൽ ചെയ്തിട്ടില്ലെന്ന രജിസ്ട്രാർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നതോടെ വർഷങ്ങളായി പ്രവർത്തനം നിലച്ച സംഘടനയാണോ പാരഡി ഗാനത്തിനെതിരെ നിയമ നടപടിയുമായി രംഗപ്രവേശം ചെയ്തതെന്ന സംശയമാണ് നിലവിൽ ഉയർന്നിട്ടുള്ളത്.
പാട്ടിനെതിരെ കേസ് എടുപ്പിച്ചതിലൂടെ സംഘടനക്കെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പോലും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി വാർഷിക റിട്ടേൺ ഫയൽ ചെയ്യാൻ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന പ്രസാദ് കുഴിക്കാല തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ട്. കൂടാതെ പ്രസാദ് പറയുന്ന മറ്റ് ഭാരവാഹികളുടെ ഒറിജിനൽ ഐഡന്റിറ്റിയും വരും ദിവസങ്ങളിൽ വെളിപ്പെടേണ്ടതുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

