യുവതിയുടെയും മക്കളുടെയും മരണം നടുക്കം മാറാതെ നാട്
text_fieldsപിറന്നാള്‍ ആഘോഷത്തിന് ബിനീഷിെൻറ മക്കളായ ആദിത്യന്, അര്ജുന്, അഭിനവ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിക്കുന്ന ചിത്രം
എടക്കര: പോത്തുകല്‍ ഞെട്ടിക്കുളത്തെ യുവതിയുടെയും മൂന്ന് കുട്ടികളുടെയും മരണം നാടിനെ നടുക്കി. കുട്ടംകുളം കൈയേറ്റക്കുന്നിലെ വാടകവീടിെൻറ ഉമ്മറത്ത് രാവിലെ ഓടിക്കളിച്ച മൂന്ന് പിഞ്ചോമനകളുടെയും അവരുടെ മാതാവിെൻറയും ചേതനയറ്റ ശരീരങ്ങള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി. അയല്‍വാസികളില്‍ പലരും വാവിട്ടുകരഞ്ഞു. പലര്‍ക്കും വിശ്വസിക്കാനും സഹിക്കാനുമായില്ല.
ആറ് മാസം മുമ്പാണ് തുടിമുട്ടി സ്വദേശിയായ മുതുപുരേടത്ത് ബിനീഷ് കുടുംബവുമൊത്ത് കൈയേറ്റക്കുന്നിലെ വാടക വീട്ടിലെത്തിയത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ രഹനയും മക്കളായ ആദിത്യനും അര്‍ജുനും അഭിനവും അയല്‍വാസികള്‍ക്ക് പ്രിയപ്പെട്ടവരായി. നല്ല അയല്‍വാസികളും മികച്ച കൂട്ടുകാരുമായിരുന്നു ഇവരെന്ന് സമീപവാസികള്‍ പറയുന്നു. വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നത്.
കോഴിക്കോട് പേരാമ്പ്രയില്‍ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്തിയിരുന്ന ബിനീഷ് ഇടക്കിെട നാട്ടിലെത്തിയിരുന്നു കഴിഞ്ഞ 29ന് നാട്ടിലത്തെിയ ബിനീഷ് രണ്ട് മക്കളുടെ പിറന്നാള്‍ ആഘോഷം ബന്ധുക്കളെയും അയല്‍വാസികളെയും ക്ഷണിച്ചാണ് നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിനീഷ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ഞായറാഴ്ച രാവിലെ പത്തിന് കുട്ടികളായ ആദിത്യന്, അര്ജുന്, അഭിനവ്, മാതാവ് രഹന എന്നിവരെ അയല്‍വാസികള്‍ വീട്ടുമുറ്റത്ത് കണ്ടിരുന്നു. പെെട്ടന്നുള്ള കൊടുംകൃത്യത്തിന് കാരണമെെന്തന്ന് അറിയാതെ തരിച്ചിരിക്കുകയാണ് നാട്ടുകാര്‍. കുടുംബവഴക്കാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. രഹനയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്.