സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തത് ക്യാപ്ചർ മയോപ്പതി തന്നെയോ..?; നായ്ക്കളുടെ കടിയേറ്റെന്ന് വ്യക്തമാക്കുന്ന മഹസർ വിവരങ്ങൾ പുറത്ത്
text_fieldsതൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്തത് ‘ക്യാപ്ചർ മയോപ്പതി’ മൂലമാണെന്ന അധികൃതരുടെ വാദങ്ങൾക്ക് വിള്ളൽ ഏൽപിച്ച് മഹസർ വിവരങ്ങൾ പുറത്ത്. മാനുകൾ ചത്തത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റുതന്നെയാണെന്ന് വ്യക്തമാക്കുന്ന മഹസർ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. റൈജു ജോസഫ് മറ്റു ജീവനക്കാരുടെ സാന്നിധ്യത്തില്‍ തയാറാക്കിയതാണ് മഹസര്‍. തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ മാനുകൾക്ക് ഹൃദയാഘാതമോ ശ്വാസംമുട്ടലോ (ക്യാപ്ചർ മയോപ്പതി) സംഭവിച്ചതാണ് മരണകാരണമെന്നായിരുന്നു അധികൃതർ ആദ്യം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്. എന്നാൽ, കോടതിയിൽ സമർപ്പിച്ച മഹസറിൽ ചത്ത 10 മാനുകളുടെ ശരീരമാസകലം നായ്ക്കളുടെ കടിയേറ്റ പാടുകളുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഒന്നാമത്തെ മാനിന് വാലിലും വാലിന്റെ പിൻഭാഗത്തും വയറിന്റെ വലതുവശത്തും രണ്ടാമത്തെ മാനിന് തുടയെല്ലിന്റെ ഭാഗത്തും വയറിലുമായാണ് കടിയേറ്റിരിക്കുന്നത്. മൂന്നാമത്തെ മാനിന്റെ നെഞ്ചിന്റെ ഇടതുവശത്തും കടിയേറ്റതായി കാണുന്നു. നാലാമത്തെ മാനിന്റെ കാലുകളിലും കടിയേറ്റതായും സമാനമായ രീതിയിൽ മറ്റ് ആറ് മാനുകൾക്കും ശരീരമാസകലം കടിയേറ്റ പാടുകളുണ്ടെന്നും മഹസറിൽ അക്കമിട്ട് നിരത്തുന്നു.
ഷാജി കോടങ്കണ്ടത്ത് കോടതിയിൽനിന്ന് സർട്ടിഫൈഡ് കോപ്പികൾ കൈപ്പറ്റിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ചത്ത മാനുകളെല്ലാം പെൺവർഗത്തിൽപ്പെട്ടവയാണ്. മഹസറിൽ ഒപ്പിട്ട 27 പേരിൽ, മാധ്യമങ്ങൾക്ക് വിവരം നൽകിയെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാന്ദാമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.കെ. മുഹമ്മദ് ഷമീമും ഉൾപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മഹസർ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചക്കൊപ്പം മരണകാരണം മറച്ചുവെക്കാനുള്ള അധികൃതരുടെ ശ്രമവും വിവാദത്തിലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

