കലാഭവൻ നവാസിന്‍റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഖബറടക്കം വൈകീട്ട്
text_fieldsകലാഭവൻ നവാസ്
കൊച്ചി: നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍ നടക്കും.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.
നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍ പറഞ്ഞു. ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ ജോലി തുടർന്നതായും വിനോദ് കോവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
'ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ. സെറ്റിൽ വെച്ച് നെഞ്ച് വേദനയുണ്ടായി ഡോക്ടറെ വിളിച്ച് സംസാരിച്ചു, ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ ജോലിയിൽ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷെ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലുകൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ' - വിനോദ് കോവൂർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

