ബിസ്മീറിന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വിളപ്പില്‍ശാല ഗവ. ആശുപത്രിയിൽ വിളപ്പില്‍ കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയ മന്‍സിലില്‍ ബിസ്മീര്‍ (37) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും ശരീരം നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും പറയുന്നു.
ബിസ്മീര്‍ മരിച്ചത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ചികിത്സാപ്പിഴവുണ്ടായെന്നും ചികിത്സ വൈകിയെന്നുമുള്ള ആരോപണം മെഡിക്കൽ ഓഫീസർ നിഷേധിച്ചിരുന്നു. 19 -ാം തീയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്‍റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
ശ്വാസംമുട്ടലും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ബിസ്മീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ബെല്ലടിച്ചപ്പോഴാണ് ജീവനക്കാര്‍ എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ ബഹളം വെച്ചപ്പോഴാണ് ജീവനക്കാര്‍ പുറത്തേക്ക് വന്നത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജീവനക്കാര്‍ പുറത്തേക്ക് വന്നപ്പോഴേക്കും യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും ഓക്‌സിജന്‍ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെന്നും ജാസ്മിന്‍ പറയുന്നു. മരുന്നില്ലാതെ ആവി നല്‍കിയെന്നും ഓക്‌സിജന്‍ നല്‍കിയപ്പോള്‍ ബോധം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നും കാണിച്ച് ജാസ്മിന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. ഇതോടെ സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് ആരോഗ്യവകുപ്പ് അടിയന്തരമായി റിപ്പോർട്ട് തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

