കുഞ്ഞിന്‍റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; മഞ്ഞപ്പിത്തം കരളിനെ ബാധിച്ചു
text_fieldsമഞ്ചേരി: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ മരിച്ച 14 മാസം പ്രായമായ ആൺകുഞ്ഞിന് അക്യുപങ്ചർ ചികിത്സ നടത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇത് കരളിനെയും ബാധിച്ചതോടെ പ്രവർത്തനം നിലച്ചു. തലയിൽ രക്തം കട്ടപിടിച്ചു. ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
കൂടുതൽ പരിശോധനക്കായി ആന്തരികാവയവം കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയച്ചു. കോട്ടക്കൽ പുതുപ്പറമ്പ് നോവപ്പടിയിലെ വാടകവീട്ടിൽ താമസിക്കുന്ന പാങ്ങ് പടിഞ്ഞാറ്റുംമുറി കോട്ടക്കാരൻ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകൻ ഇസൻ ഇർഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. പ്രതിരോധ വാക്സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്ന് ആരോപണമുയർന്നിരുന്നു.
കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. മഞ്ചേരി മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. രഹ്‌നാസിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

