'ദേഹത്ത് ആറ് ചെറിയ മുറിവുകൾ, മർദനമേറ്റ പാടുകളില്ല'; ആദിവാസി യുവാവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആദിവാസി യുവാവിനെ കണ്ട സംഭവം ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എ.സി.പിക്ക് മൊഴിനൽകി. കാൽമുട്ടിലും തുടയിലുമായി ആറ് ചെറിയ മുറിവുകളുണ്ട്. എന്നാൽ ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോൾ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ രാജ്പാൽ മീണ പറഞ്ഞു.
വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് വിശ്വനാഥൻ ഇരയായിരുന്നു. ഇതിന് പിന്നാലെ കാണാതായ വിശ്വനാഥനെയാണ് അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
വിശ്വനാഥനെ ആൾക്കൂട്ടം മർദിച്ചുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തിവരികയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
മോഷണക്കുറ്റം ആരോപിച്ച് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇത് ദൃക്‌സാക്ഷികളും ശരിവെക്കുന്നു. ഇതിന് ശേഷം വിശ്വനാഥൻ മെഡിക്കൽ കോളജിൽ നിന്നും ഓടിപോവുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വിശ്വനാഥന്റെ ബാഗ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.