പ്രസവത്തിനിടെ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; കുഞ്ഞ് ആശുപത്രിയിൽ
text_fieldsഅസ്മ, സിറാജുദ്ദീൻ
മലപ്പുറം: മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. പെരുമ്പാവൂർ അറക്കപ്പടി കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകൾ അസ്മയാണ് (35) മരിച്ചത്. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തുക.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ വീട്ടിൽ ആൺകുട്ടിയെ പ്രസവിച്ചതിനു പിന്നാലെ യുവതി മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം രാത്രിയിൽ തന്നെ ഭര്‍ത്താവ് സിറാജുദ്ദീൻ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി.
അവശതയിലായ അസ്മയുടെ ചോരക്കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പെരുമ്പാവൂര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ ഈസ്റ്റ് കോഡൂരിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെ ഇവർ താമസിക്കുന്ന വാടക വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് വീട്ടിൽ പ്രസവം നടന്ന വിവരം വീട്ടുടമയും പ്രദേശവാസികളും അറിയുന്നത്.
സിറാജുദ്ദീൻ കാസർകോട് പള്ളിയിൽ ജോലിചെയ്യുകയാണെന്നും യൂട്യൂബ് ചാനൽ വഴിയും അല്ലാതെയും ആത്മീയ ക്ലാസുകൾ നൽകാറുണ്ടെന്നുമാണ് പറഞ്ഞിരുന്നതെന്ന് വീട്ടുടമ വ്യക്തമാക്കി. അയൽവാസികളുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. പഞ്ചായത്ത് മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ആരോഗ്യ വകുപ്പിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

