കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ പോസ്റ്റ്മോർട്ടം ഇന്ന്; കുടുംബത്തിന് 10 ലക്ഷം ധനസഹായം
text_fieldsതൊടുപുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം ജില്ല കലക്ടർ പ്രഖ്യാപിച്ചു. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കലക്ടര്‍ വി. വിഗ്നേശ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.
സോഫിയയുടെ മകൾക്ക് ജോലി നൽകാനുള്ള നിർദേശം കലക്ടര്‍ സർക്കാറിന് കൈമാറും. ഇതോടെ നാട്ടുകാർ തൽകാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
ഇതിനിടെ, സംഭവത്തിൽ തുടർ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വനംമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭർത്താവ് പറഞ്ഞു. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.
അരുവിയിൽ കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

