വൈദ്യുതി വകുപ്പിലും നിയമന നിരോധനം
text_fieldsതൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി വകുപ്പിലും നിയമനനിരോധനം. പുതിയ നിയമന ശിപാർശകൾ നീട്ടിവെക്കാൻ പബ്ലിക് സർവീസ് കമ്മീഷനോട് വൈദ്യുതി വകുപ്പ് അഭ്യർഥിച്ചു. ചെലവു ചുരുക്കലിെൻറ ഭാഗമായി ജീവനക്കാരെ കുറക്കാനുള്ള നടപടികളിലേക്കും വകുപ്പ് കടന്നിട്ടുണ്ട്്. മാസങ്ങളായിട്ടും 247 അസി.എൻജിനീയർമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ല. വകുപ്പുതല സ്ഥാനക്കയറ്റം വഴി നികത്തേണ്ട ഒഴിവുകളാണിവ. മീറ്റർ റീഡർ, മസ്ദൂർ തസ്തികകളിൽ ആയിരത്തിലധികം ഒഴിവുകളുണ്ട്. നിലവിൽ 33,041 ജീവനക്കാരാണ് വൈദ്യുതി ബോർഡിലുള്ളത്. എന്നാൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച് അനുവദിച്ചത് 27,175 പേരുടെ ശമ്പളവും അലവൻസും മാത്രമാണ്.
4,808 ജീവനക്കാരിൽ 4,767 സാങ്കേതിക വിഭാഗത്തിൽപെട്ടവരുടെയും സാങ്കേതിക-ഇതര-മിനിസ്റ്റീരിയൽ-എസ്റ്റാബ്ലിഷ്മെൻറ് വിഭാഗങ്ങളിലുള്ള 41 പേരുടെയും ശമ്പളവും ആനുകൂല്യങ്ങളുമൊന്നും റെഗുലേറ്ററി കമീഷെൻറ അനുമതിയോടെയല്ല അനുവദിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വകുപ്പ് കടന്നു പോകുന്നത്. 2016-17 സാമ്പത്തിക വർഷത്തെ വൈദ്യുതി ബോർഡിെൻറ നഷ്ടം 1494.63 കോടിയാണ്. 2017-18ലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
മുൻവർഷത്തേതിന് സമാനമായ നഷ്ടമുണ്ടാവുമെന്നാണ് സൂചനകൾ. വൈദ്യുതി വകുപ്പിലെ ജീവനക്കാരുടെ വിനിയോഗവും പുനഃക്രമീകരണവും സംബന്ധിച്ച് പഠനം നടത്തിയ കോഴിക്കോെട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിെൻറ ശിപാർശയിൽ വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറക്കാനാണ് നിർദേശിച്ചത്.
ബോർഡ് പുനഃസംഘടനയും ജീവനക്കാരുടെ പുനർവിന്യാസവും പൂർത്തിയാവുന്നതുവരെ പി.എസ്.സി വഴിയുള്ള നിയമന ശിപാർശകൾ താൽക്കാലികമായി നീട്ടിവെക്കാൻ അഭ്യർഥിച്ചിട്ടുണ്ടെങ്കിലും, നിലവിലെ അസി.എൻജിനീയർ, സബ് എൻജിനീയർ തുടങ്ങിയ ഒഴിവുകളിൽ നിയമനങ്ങൾ നടത്തുന്നുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി എം.എം. മണി നിയമസഭയിൽ മറുപടി നൽകിയത്.
ശമ്പള, പെൻഷൻ ഇനത്തിലാണ് വൈദ്യുതി വകുപ്പ് നഷ്ടം നേരിടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുടിശ്ശിക പിരിവ് ഊർജ്ജിതമാക്കിയെങ്കിലും നഷ്ടം നികത്താനാവില്ല. ഇതോടെ നിരക്ക് വർധനക്കും നിർദേശമുണ്ട്്.
ആദ്യം കെ.എസ്.ആർ.ടി.സിയിൽ
സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ സൃഷ്ടിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഇ.ബിയും. ജോലിക്കുള്ള അഡ്വൈസ് മെമ്മോ ലഭിച്ച് ജോലി കാത്തിരിക്കുന്ന നാലായിരത്തോളം പേരാണ് കെ.എസ്.ആർ.ടി.സിയുടെ നിയമന നിരോധനത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പും ഉദ്യോഗാർഥികൾക്ക് ഇരുട്ടടി നൽകുന്നത്. രണ്ടായിരത്തിലധികം ഒഴിവുകളിൽ നിയമനം കാത്തിരിക്കുന്ന റാങ്ക്ഹോൾഡേഴ്സുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ പദവി ലഭിക്കേണ്ടതും അനുവദിച്ചിട്ടില്ല. സ്ഥാനക്കയറ്റം നൽകുമ്പോൾ ശമ്പളത്തിലും ആനുകൂല്യങ്ങളിലുമുള്ള വർധനവ് അനുവദിക്കേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനാണ് സ്ഥാനക്കയറ്റം നൽകാത്തതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
