ഡി.സി.സി പ്രസിഡന്റിനെതിരെ പോസ്റ്ററുകളും പരാജയത്തിൽ ലഡു വിതരണവും
text_fields
പാലക്കാട് ഡി.സി.സി പ്രസിഡന്റിനെതിരെ ഡി.സി.സി ഓഫിസിനു മുന്നിൽ പതിച്ച പോസ്റ്റർ
പാലക്കാട്: ആലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പരാജയപ്പെട്ടതിനെ തുടർന്നുള്ള പോർവിളികൾ കൂടുതൽ രൂക്ഷമായി. ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടും ആലത്തൂരും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
രമ്യ ഹരിദാസ് പരാജയപ്പെട്ടതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പെരുവെമ്പിൽ ലഡു വിതരണം ചെയ്തെന്ന പരാതിയും ഡി.സി.സിയിൽ എത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസുകളിലും കടകളിലും മധുരം വിതരണം ചെയ്തതായാണ് പരാതി.
പാലക്കാട് ഡി.സി.സി ഓഫിസിന് മുൻവശത്തും ആലത്തൂരിലെ വിവിധ ഭാഗങ്ങളിലുമാണ് ഡി.സി.സി പ്രസിഡന്റിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലത്തൂരിലെ യു.ഡി.എഫിന്റെ പരാജയം സംബന്ധിച്ച് പ്രതികരിക്കവേ പാളിച്ചകൾ പറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഘടനാപരമായ വീഴ്ചയല്ല, വ്യക്തിപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

