‘മുല്ലപ്പള്ളി രാമചന്ദ്രൻ - 82 വയസ്, ഇനിയും വിശ്രമ ജീവിതം തുടരട്ടെ’; സേവ് കോൺഗ്രസിന്‍റെ പേരിൽ പ്രതിഷേധ പോസ്റ്റർ
text_fieldsകണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച കെ.പി.സി.സി മുൻ പ്രസിഡന്റും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിന്‍റെ പേരിൽ ചോമ്പാല അടക്കമുള്ള സ്ഥലങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തുപോകാൻ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെ' എന്നാണ് പോസ്റ്ററിലുള്ളത്.
പോസ്റ്ററിലെ വിശദാംശങ്ങൾ
മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്
7 തവണ എം.പി, രണ്ട് തവണ കേന്ദ്ര മന്ത്രി, എ.ഐ.സി.സി സെക്രട്ടറി എന്നിട്ടും അധികാരകൊതി മതിയായില്ലേ? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തു പോകാൻ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമ ജീവിതം തുടരട്ടെ. സേവ് കോൺഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മത്സരിക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ച് കടന്നു പോയിട്ടില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം തന്നെയാണ് പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്നവരെയും യുവാക്കളെയും കൂട്ടിയിണക്കിയാണ് കൊണ്ടു പോവാറുള്ളതെന്നും നെഹ്റുവിന്റെ കാലംമുതലുള്ള നിലപാടാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളി രാമചന്ദ്രനായി കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. ഉത്തര മലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
വയനാട്ടിൽ ജനുവരി 4, 5 തീയതികളിൽ നടക്കുന്ന കെ.പി.സി.സി ക്യാമ്പിൽ നേതാക്കളുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

