പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കൊച്ചിയിൽ പോസ്റ്റർ
text_fieldsകൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫിസിന് മുന്നിലെ മതിലിൽ പോസ്റ്ററുകൾ. മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശെൻറ പൊയ്മുഖം തിരിച്ചറിയണമെന്നും ഗ്രൂപ്പില്ലെന്ന് പറഞ്ഞ് സതീശൻ പുതിയ ഗ്രൂപ് ഉണ്ടാക്കുകയാണെന്നുമാണ് 'യഥാർഥ കോൺഗ്രസ് പ്രവർത്തകൻ' എന്ന പേരിലുള്ള പോസ്റ്ററിലെ ആരോപണങ്ങൾ.
പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നീ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി. സതീശെൻറ പൊയ്മുഖം തിരിച്ചറിയുക, ജില്ലയിൽ കോൺഗ്രസിന് സീറ്റുകൾ നഷ്ടപ്പെട്ടാലും വേണ്ടില്ല, തെൻറ ഗ്രൂപ്പുകാരൻ തന്നെ ജില്ല കോൺഗ്രസ് പ്രസിഡൻറ് ആകണമെന്ന വി.ഡി. സതീശെൻറ പിടിവാശിയും മർക്കടമുഷ്ടിയും അവസാനിപ്പിക്കുക, സ്വന്തം ഗ്രൂപ്പുകാരനെ ഡി.സി.സി പ്രസിഡൻറാക്കാൻ കിണഞ്ഞുശ്രമിക്കുന്ന വി.ഡി. സതീശെൻറ ഗ്രൂപ് കളി അവസാനിപ്പിക്കുക, രക്ഷകെൻറ മുഖംമൂടി അണിഞ്ഞ് തന്ത്രപരമായി പുത്തൻ ഗ്രൂപ്പുണ്ടാക്കി കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് വി.ഡി. സതീശനെ തിരിച്ചറിയുക എന്നിങ്ങനെയാണ് ബുധനാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാചകങ്ങൾ.
ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നിർണായക ചർച്ച നടക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പോസ്റ്ററുകൾ നീക്കം ചെയ്തു. പ്രവർത്തകർ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി പോസ്റ്റർ ഒട്ടിക്കുന്നത് കാണുന്നുണ്ടെങ്കിലും ആരാണെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

