തപാൽവോട്ടുകൾ തിരുത്തിയെന്ന പ്രസംഗം: പ്രാഥമിക പരിശോധനയിൽ ജി. സുധാകരനെതിരെ തെളിവില്ല
text_fieldsആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി. സുധാകരനെ പ്രതിയാക്കി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ തെളിവുകൾ കണ്ടെത്താനായില്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. തുടക്കത്തിൽ കേസിന് പിൻബലം നൽകുന്ന തെളിവുകളും രേഖകളും സമാഹരിക്കാനായിരുന്നു പൊലീസ് ശ്രമം. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും നൽകാൻ ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തിൽ സൗത്ത് പൊലീസ് കത്ത് നൽകിയിരുന്നു.
36 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് രേഖകളടക്കമുള്ള വിവരങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. ഏതെങ്കിലും തരത്തിലുള്ള രേഖകൾ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. ഒരാഴ്ചക്കുശേഷമേ ഇക്കാര്യത്തിൽ പൂർണമായി എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് ഉന്നത അധികാരികൾ. തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരുവർഷത്തിനുശേഷം രേഖകൾ നശിപ്പിക്കാറുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. 1989ൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരെയെങ്കിലും കണ്ടെത്തിയാൽതന്നെ അത് എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
സുധാകരനെതിരെ മൂന്നുമുതൽ ഏഴുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

