ലേശം ഭാവന കലർത്തി പറഞ്ഞതാണ്... പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല -മലക്കംമറിഞ്ഞ് ജി. സുധാകരൻ
text_fieldsആലപ്പുഴ: പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന പരാമർശം നടത്തിയിട്ടില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. കടക്കരപ്പള്ളിയിൽ സി.പി.ഐ കുടുംബസംഗമത്തിന്‍റെ ഉദ്ഘാടനപ്രസംഗത്തിലാണ് വിവാദ പരാമർശത്തോട് പ്രതികരിച്ചത്.
എൻ.ജി.ഒ പൂർവകാല നേതൃസംഗമത്തിൽ പോസ്റ്റൽ ബാലറ്റിനെക്കുറിച്ച് ലേശം ഭാവന കലർത്തിയാണ് പറഞ്ഞത്. അസംഭവ്യമായ ഒരുകാര്യം ചിലർ അങ്ങനെ ചെയ്യുന്നുവെന്ന പ്രചാരണവേല നടക്കുമ്പോൾ അവർക്ക് ജാഗ്രത കൊടുക്കാൻ ചെറിയ ഭീഷണിയെന്ന നിലയിലാണ് അത് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പിലും ആരും ബാലറ്റ് തിരുത്തുകയും തുറന്നുനോക്കിയിട്ടുമില്ല. അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനോടും ഇത്തരം ഒരുസംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പോളിങ് ബൂത്തിൽ ചെയ്യുന്ന വോട്ടിന്‍റെ രഹസ്യം പോസ്റ്റൽ ബാലറ്റിനില്ല. ചില സംഘടനകളുടെ ഭാരവാഹികളാണ് അത് ശേഖരിക്കുന്നത്. 20 വർഷം എം.എൽ.എയായിട്ടും ഒരിക്കൽപോലും കള്ളവോട്ട് ചെയ്യാൻ ആർക്കും പണം കൊടുത്തിട്ടില്ല. കമ്യൂണിസ്റ്റുകാർ പത്രം വായിച്ച് അഭിപ്രായം പറയരുത്. വിവാദമില്ലാതെ നാട് മുന്നോട്ടുപോകില്ല. വാദപ്രതിവാദത്തിലൂടെയാണ് സമൂഹം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1989ൽ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന് ജി. സുധാകരൻ വെളിപ്പെടുത്തുകയായിരുന്നു. ആലപ്പുഴയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൂർവകാല നേതൃസംഗമത്തിലായിരുന്നു വെളിപ്പെടുത്തൽ. പ്രസംഗത്തിൽ സുധാകരൻ പറഞ്ഞത് ഇങ്ങനെ: ‘‘പോസ്റ്റൽ ബാലറ്റുകൾ ചെയ്യുമ്പോൾ എൻ.ജി.ഒ യൂനിയൻകാർ വേറെ ആളുകൾക്ക് ചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതുകൊണ്ട് അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവായിരുന്ന ദേവദാസ് ആലപ്പുഴയിൽനിന്ന് പാർലമെന്‍റിലേക്ക് മത്സരിച്ചപ്പോൾ ജില്ല കമ്മിറ്റി ഓഫിസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങൾ തിരുത്തി. ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല. എൻ.ജി.ഒ യൂനിയനിൽപെട്ട എല്ലാവരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് യൂനിയൻ ഭരണഘടനയിൽ പറയുന്നില്ല. എൻ.ജി.ഒ യൂനിയന് രാഷ്ട്രീയമില്ല. ഏതുപാർട്ടിയിൽപെട്ടവനും ചേരാം. ബഹുജന സംഘടനയിൽപെട്ട എല്ലാവരും സി.പി.എമ്മിന് വോട്ട് ചെയ്യണമെന്നില്ല....’’
തുടർന്ന് ജി. സുധാകരന്‍റെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മൊഴിയെടുത്തിരുന്നു. വിശദ റിപ്പോർട്ട് ഇനി ജില്ല കലക്ടർക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

