ബലിപെരുന്നാളിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്: പുറത്താക്കിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
text_fieldsതാമരശ്ശേരി (കോഴിക്കോട്): വിശ്വാസ ആചാരങ്ങളെയും ബലികർമത്തെയും സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പുറത്താക്കിയ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ കേസ്. മുസ്‍ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.
ബലിപെരുന്നാൾ ദിനത്തിൽ പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പിൽ മത സ്പർധ ഉണ്ടാകുന്ന തരത്തിലുള്ള ഷൈജലിന്‍റെ പരാമർശങ്ങൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെരുന്നാൾ ആശംസ അറിയിച്ച് ഗ്രാമ പഞ്ചായത്ത് അംഗം ഷംസീർ ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജൽ വിവാദ കമന്‍റിട്ടത്. ‘മകനെ കൊല്ലാൻ പറഞ്ഞ ദൈവം, ഉടനെ കത്തിക്ക് മൂർച്ചകൂട്ടിയ അച്ഛൻ, ഇതിലെവിടെയാണ് സ്നേഹം, സൗഹാർദം, ത്യാഗം? ഇതിൽ നിറയെ മതഭ്രാന്ത് മാത്രം. ഉറപ്പ്’ എന്നതായിരുന്നു ഷൈജലിന്‍റെ കമന്‍റ്.
പ്രാദേശിക മത സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പോസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. മുസ്‍ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതിയും നൽകി. ഇതോടെ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ഷൈജലിനെതിരെ നടപടിയെടുക്കുകയായിരുന്നു.
എല്ലാ മതവിഭാഗങ്ങളോടും വിശ്വാസപ്രമാണങ്ങളോടും ആദരവ് പുലർത്തുന്ന പാർട്ടി സമീപനത്തിന് വിരുദ്ധമായി ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണക്ക് ഇടയാക്കും വിധമുള്ള പരാമർശമാണ് ഷൈജൽ നടത്തിയതെന്ന് ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗമാണ് ഷൈജൽ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചതെന്നും കമ്മിറ്റി വ്യക്തമാക്കി. പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.എ. മൊയ്‌തീനാണ് പകരം സെക്രട്ടറിയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

