കാസർകോട്ട് മൂന്നിടത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണക്ക് സാധ്യത
text_fieldsകാസർകോട്/മഞ്ചേശ്വരം: തദ്ദേശ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അകറ്റിനിർത്താൻ കാസർകോട്ട് മൂന്നിടത്ത് എൽ.ഡി.എഫും യു.ഡി.എഫും സഹകരിച്ചേക്കും. ബി.ജെ.പിക്ക് ഭരണസാധ്യതയുള്ള ഇടങ്ങളിലാണ് ധാരണക്ക് ശ്രമം. മഞ്ചേശ്വരം ബ്ലോക്കിലും പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലുമാണ് ബി.ജെ.പിക്ക് സാധ്യത നിലനിൽക്കുന്നത്.
മഞ്ചേശ്വരത്ത് യു.ഡി.എഫിനെയും പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിൽ എൽ.ഡി.എഫിനെയും ഭരണത്തിൽ കൊണ്ടുവരാനാണ് നീക്കം. മഞ്ചേശ്വരത്ത് 15 സീറ്റിൽ മുസ്ലിം ലീഗ് -ആറ്, ബി.ജെ.പി -ആറ്, സി.പി.എം -രണ്ട്, എസ്.ഡി.പി.ഐ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പിൽ ലീഗും ബി.ജെ.പിയും തുല്യത വന്നാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കുന്നവർ അധികാരത്തിലെത്തും.
19 അംഗ പൈവളിഗെയിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എട്ടു വീതവും മുസ്ലിം ലീഗ് -രണ്ട്, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തുല്യമായ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പ് വേണ്ടിവരും. നറുക്കെടുപ്പിന് കാത്തുനിൽക്കുന്നത് രാഷ്ട്രീയ അപകടമാണെന്ന് ഇരുമുന്നണികളും കരുതുന്നു. എൽ.ഡി.എഫിനെ പിന്തുണക്കാൻ യു.ഡി.എഫ് തത്ത്വത്തിൽ തീരുമാനിച്ചതായും വിവരമുണ്ട്.
15 സീറ്റുള്ള മീഞ്ചയിൽ ബി.ജെ.പി -ആറ്, എൽ.ഡി.എഫ് -അഞ്ച്, മുസ്ലിം ലീഗ് -മൂന്ന്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് പിന്തുണച്ചാൽ ഇടതുപക്ഷത്തിന് ഭരണം ലഭിക്കും. ബി.ജെ.പിക്കും യു.ഡി.എഫിനും ഒമ്പത് വീതം ലഭിച്ച കുമ്പളയിൽ മുസ്ലിം ലീഗ് വിമതയായി മത്സരിച്ചുജയിച്ച കൗലത്ത് ബീവി യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ പ്രതീക്ഷ മങ്ങിയിട്ടുണ്ട്.
പോരുവഴിയിൽ യോജിപ്പിന് നീക്കം
ശാസ്താംകോട്ട: ബി.ജെ.പി അധികാരത്തിൽ എത്തുന്നത് ഒഴിവാക്കാനായി കൊല്ലം ജില്ലയിലെ പോരുവഴി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും േയാജിക്കാൻ നീക്കം. 18 അംഗ സമിതിയിൽ അഞ്ച് സീറ്റുള്ള ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി. ഇടതുപക്ഷത്ത് സി.പി.എം മൂന്നും സി.പി.ഐ, ആർ.എസ്.പി(ലെനിനിസ്റ്റ്) ഒാരോന്നുവീതവുമാണ് അംഗങ്ങൾ. യു.ഡി.എഫിൽ കോൺഗ്രസ്- നാല്, മുസ്ലിം ലീഗ്-ഒന്ന് എന്നിങ്ങനെയാണ് അംഗബലം. എസ്.ഡി.പി.ഐക്ക് മൂന്ന് അംഗങ്ങളുണ്ട്. മൂന്നുകൂട്ടർക്കും അഞ്ചുവീതം സീറ്റ് ആയതിനാൽ നറുക്കെടുപ്പ് ഘട്ടത്തിൽ ബി.ജെ.പിക്ക് മൂന്നിലൊന്ന് സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് സി.പി.എം തന്നെ മുൻകൈയെടുത്ത് യു.ഡി.എഫിന് നിരുപാധിക പിന്തുണ എന്ന നിർദേശം െവച്ചത്. ഭരണത്തിൽ പങ്കാളിയാകാതെ യു.ഡി.എഫിനെ പിന്തുണക്കാനാണ് നീക്കം. ഇരുപക്ഷവും ചർച്ച തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

