ഗർഭിണിക്ക് ക്രൂര മർദനം: ഇത് പ്രതാപചന്ദ്രന്റെ പതിവ് കല; കൂടുതൽ നടപടിക്ക് സാധ്യത
text_fieldsകൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒന്നര വർഷം മുമ്പ് ഗർഭിണിയെ മുഖത്തടിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ എസ്.എച്ച്.ഒക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യത. വകുപ്പ്തല അന്വേഷണം പൂർത്തിയായ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം. കുറ്റക്കാരനായ എസ്.എച്ച്.ഒ സി.ഐ കെ.ജി. പ്രതാപചന്ദ്രനെ വ്യാഴാഴ്ച രാത്രിതന്നെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കെതിരെ കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മറ്റൊരു കേസിൽ രണ്ട് പേരെ മഫ്തി പൊലീസ് മർദിക്കുന്നത് മൊബൈലിൽ പകർത്തിയതിനാണ് എറണാകുളം നോർത്തിൽ ഹോട്ടൽ നടത്തുന്ന ബെൻ ജോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേക്കുറിച്ച് അന്വേഷിച്ച് ഇരട്ടകളായ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോളെ മറ്റ് പൊലീസുകാരുടെ സാന്നിധ്യത്തിൽ പ്രതാപചന്ദ്രൻ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് നൽകിയത്. നിലവിൽ അരൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കരുതെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ഷൈമോളുടെയും കുടുംബത്തിന്റെയും ആവശ്യം. മഫ്തിയിൽ അവിടെയുണ്ടായിരുന്ന മറ്റ് പൊലീസുകാർ മർദനം തടയാൻ ശ്രമിച്ചെില്ലെന്നും പരാതിയുണ്ട്. ഇവർക്കെതിരെയും പരാതിക്കാരി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതി കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കൈയ്യേറ്റം ചെയ്തപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് പ്രതാപചന്ദ്രന്റെ വിശദീകരണം. എന്നാൽ, ഇയാളുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഷനിൽ താൻ അതിക്രമം കാണിച്ചിട്ടില്ലെന്നും നെഞ്ചിൽ പിടിച്ച് തള്ളിയത് ചോദ്യം ചെയ്തപ്പോൾ മുഖത്തടിക്കുകയായിരുന്നു എന്നും ഷൈമോൾ പറയുന്നു. ഭർത്താവിനെ പൊലീസ് മർദിക്കുന്നത് കണ്ടപ്പോൾ നിലവിളിച്ചു. താൻ സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ അവിടെനിന്ന് പോരുന്നത് വരെയുള്ള തെളിവുകൾ കൈവശമുണ്ട്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ അവ കോടതിയിൽ ഹാജരാക്കുമെന്നും ഷൈമോൾ കൂട്ടിച്ചേർത്തു.
മർദനം പ്രതാപചന്ദ്രന്റെ പതിവ് കല
കൊച്ചി: സ്റ്റേഷനിലെത്തിക്കുന്ന പ്രതികളെ മർദിക്കുന്നതിനാൽ പൊലീസുകാർക്കിടയിൽ ‘മിന്നൽ’ എന്നറിയപ്പെടുന്ന പ്രതാപചന്ദ്രനെതിരെ മുമ്പും സമാന പരാതി ഉയർന്നിട്ടുണ്ട്. നോർത്ത് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരിക്കെ 2023ൽ സ്വിഗ്ഗി ജീവനക്കാരനായ കാക്കനാട് സ്വദേശി റിനീഷിനെ ക്രൂരമായി മർദിച്ചെന്നാണ് പരാതികളിലൊന്ന്. റിനീഷ് എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ വിശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പ്രതാപചന്ദ്രൻ, കാക്കനാട് വീടുള്ളവൻ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നത്രെ. അടിയേറ്റ് അവശനായി ഛർദിച്ച റിനീഷിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ റിനീഷിന്റെ അമ്മ ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകുകയും അസി. കമീഷണർ റിനീഷിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രതാപചന്ദ്രനിൽനിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നിയമവിദ്യാർഥിനിയായ പ്രീതിരാജും രംഗത്തെത്തിയിട്ടുണ്ട്. സുഹൃത്തായ വനിത എസ്.ഐയെ കാണാൻ ഇരുചക്ര വാഹനത്തിൽ സ്റ്റേഷനില്‍ എത്തിയ പ്രീതിയെ മഫ്തിയില്‍ ഉണ്ടായിരുന്ന എസ്.എച്ച്.ഒ, അവർ ധരിച്ചിരുന്ന ഹെൽമറ്റ് ശരിയല്ലെന്ന് പറഞ്ഞാണ് അടുത്തേക്ക് വിളിച്ചത്.
അനുമതിയില്ലാതെ ഫോട്ടോ എടുത്തപ്പോൾ തന്റെ ഫോട്ടോ എടുക്കരുതെന്നും വേണമെങ്കിൽ വാഹനത്തിന്റെ ഫോട്ടോ എടുത്തോളാനും പ്രീതി പറഞ്ഞു. ഈ സമയം ക്രിമിനലിനോട് എന്ന പോലെ വളരെ മോശമായാണ് പ്രതാപചന്ദ്രന് സംസാരിച്ചതെന്നും പ്രീതിരാജ് കുറ്റപ്പെടുത്തി. കമീഷണർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും അവർ അറിയിച്ചു.
ഇതിന്പുറമെ, പ്രതാപചന്ദ്രൻ യുവനടൻ സനൂപിന്റെ മുഖത്തടിച്ചതായും പരാതിയുണ്ട്. ഒമ്പത് മാസം മുമ്പാണ് പ്രതാപചന്ദ്രൻ അരൂർ എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

