പോക്സോ: വിചാരണഘട്ടത്തിൽ തന്നെ കുറ്റവാളിയായി കാണുന്ന വകുപ്പ് നീക്കണമെന്ന് ഹരജി
text_fieldsകൊച്ചി: വിചാരണ ഘട്ടത്തിൽ തന്നെ പ്രതിയെ കുറ്റവാളിയായി കാണുന്ന ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ (പോക്സോ) വകുപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ചാലക്കുടിയിലെ അനാഥാലയം കെയർ ടേക്കർ രഞ്ജിത് എന്ന ജസ്റ്റിനാണ് ഹരജി നൽകിയിരിക്കുന്നത്.
കുട്ടികൾ അനാഥാലയം വിട്ട ശേഷമാണ് പീഡനത്തിനിരയായതെന്നും തന്നെ അനാവശ്യമായി പ്രതി ചേർത്തതാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് വിചാരണ ഘട്ടത്തിലാണ്. എന്നാൽ, വിചാരണ ഘട്ടത്തിൽ തന്നെ പ്രതി പീഡനത്തിന് പ്രേരിപ്പിച്ചു, ശ്രമം നടത്തി എന്ന നിലയിൽ കാണണമെന്നാണ് പോക്സോ നിയമത്തിലെ 29ാം വകുപ്പിൽ പറയുന്നത്. കുറ്റം ചെയ്യാതെ ഇത്തരം വകുപ്പുകൾ ചാർത്തി വിചാരണ നടത്തുന്നത് നീതി നിഷേധമാണെന്നും ഹരജിയിൽ പറയുന്നു.
