മദ്യപാനം കഴിഞ്ഞ് പൂട്ടാൻ മറന്ന് പോരുവഴി പഞ്ചായത്ത് ഓഫീസ്; നാട്ടുകാർ ജീവനക്കാരെ തടഞ്ഞു
text_fieldsശാസ്താംകോട്ട: പോരുവഴി പഞ്ചായത്ത് ഓഫീസ് രാത്രി തുറന്നു കിടന്നു. ഇതിൽ പ്രതിഷേധിച്ച്, നാട്ടുകാർ ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു. പഞ്ചായത്ത് ഭാരവാഹികളുൾപ്പെടെയുള്ളവരും ജീവനക്കാരും ഓഫീസിൽ സംഘം ചേർന്ന് മദ്യപിച്ച ശേഷം, ഓഫീസ് അടക്കാൻ മറന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതേത്തുടർന്ന്,പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനുൽ വാഹിദ് ഓഫീസിലെത്തി പ്രാഥമികാന്വേഷണം നടത്തി. നാട്ടുകാരിൽ നിന്ന് വിവരം ശേഖരിക്കുകയും ജീവനക്കാരുടെ മൊഴി എടുക്കുകയും ചെയ്തു.
ഓഫീസിനുള്ളിൽ പലയിടത്തും മദ്യപാനത്തിെൻറ ബാക്കിയെന്നോണം കോളാ കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കാണപ്പെട്ടു. രാവിലെ ഒാഫീസ് തുറന്നു കിടക്കുന്നതു കണ്ട നാട്ടുകാരാണ് പൊതു പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും വിവരം അറിയിച്ചത്. സംഭവത്തിനെതിരെ ഇടതുമുന്നണി, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥയും ഉടലെടുത്തു.
രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഗേറ്റ് പൂട്ടി തടഞ്ഞ ബി.ജെ.പി പ്രവർത്തകർ, കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഡയറക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കാൻ ഇടതു മുന്നണി പ്രവർത്തകർ ശാസ്താംനട കവലയിൽ പ്രസിഡൻ്റിനും ജീവനക്കാർക്കും എതിരെ പ്രകടനം നടത്തി.
ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ, കോൺഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികൾ എസ്.ഡി.പി.ഐ പിന്തുണയോടെ യഥാക്രമം പ്രസിഡൻറും വൈസ് പ്രസിഡൻറും ആയതോടെ സംസ്ഥാന തലത്തിൽ തന്നെ രാഷ്ട്രീയ ശ്രദ്ധ നേടിയ പഞ്ചായത്താണ് പോരുവഴി. തുടർന്ന് പ്രസിഡൻറ് ബിനു മംഗലത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രസിഡൻറിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ബി.ജെ.പിയും ശക്തമായ പ്രചാരണം നടത്തുമ്പോഴാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.
ഓഫീസ് സമയത്തിന് ശേഷം ജീവനക്കാരും ജനപ്രതിനിധികളും സംഘം ചേർന്ന് മദ്യപിക്കുന്നത് ഈ ഓഫീസിലെ പതിവാണെണെന്ന പരാതി സമീപവാസികളും ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

