പൊറാട്ടുനാടകത്തിെൻറ ആരവങ്ങളില്ലാതെ പാലക്കാടൻ നെൽപാടങ്ങൾ
text_fieldsചിറ്റൂർ: കൊയ്തൊഴിഞ്ഞ പാലക്കാടൻ നെൽപാടങ്ങളിലിപ്പോൾ പൊറാട്ട് നാടകത്തിെൻറ ആരവങ്ങളില്ല, ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ചോദ്യക്കാരെൻറ ചോദ്യങ്ങളുമില്ല. വറുതിയുടെ കൊറോണക്കാലത്ത് പട്ടിണിയും പരിവട്ടവുമായി ദിവസങ്ങൾ തള്ളിനീക്കുകയാണ് പാലക്കാട്ടെ പൊറാട്ടുനാടക കലാകാരന്മാർ.
മകരക്കൊയ്ത്ത് കഴിഞ്ഞ് അടുത്ത വിളവിറക്കുന്ന ഇടവമാസംവരെ കൊയ്തൊഴിഞ്ഞ നെൽപാടങ്ങൾ പൊറാട്ട് നാടകവേദികളാവും. ഗ്രാമങ്ങളിലെ മാരിയമ്മൻ ക്ഷേത്രപൂജകൾക്കും ചെറിയ ഉത്സവങ്ങൾക്കും അനുബന്ധമായാണ് പൊറാട്ടുനാടകം അരങ്ങേറുക. സാധാരണക്കാരായ നാട്ടിൻപുറത്തുകാർ രാവെളുക്കുവോളം പൊറാട്ട് നാടകത്തിെൻറ ഹാസ്യത്തിനൊപ്പം സഞ്ചരിക്കും. ആക്ഷേപഹാസ്യത്തിെൻറ മേമ്പൊടിയോടെ ചിരിയും ചിന്തയുമുണർത്തി ആ കലാകാരന്മാർ സാമൂഹിക വിമർശനത്തിെൻറ കെട്ടുകളഴിക്കും. ഉത്സവങ്ങളും പൂജകളും ഇക്കുറി വേണ്ടെന്നുെവച്ചതോടെ പൊറാട്ട് നാടകത്തെ ആശ്രയിക്കുന്ന കലാകാരന്മാരും പ്രതിസന്ധിയിലായി.
ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമുള്ള കളിമുടങ്ങിയതോടെ ഇനിയൊരു വരുമാനത്തിന് അടുത്ത വർഷംവരെ കാത്തിരിക്കണം. ഈ മാസങ്ങളിൽ ലഭിക്കുന്ന വരുമാനംകൊണ്ടാണ് മിക്കവരും കുടുംബം പുലർത്തിയിരുന്നത്. അമ്പലങ്ങളുടെ പരിപാടികൾ കൂടാതെ വല്ലപ്പോഴും ലഭിക്കുന്ന ടൂറിസം വകുപ്പിെൻറ ബുക്കിങ്ങുകളും കൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്. ഒരു സീസൺ മുടങ്ങിയാൽ കുടുംബം പട്ടിണിയിലാകുമെന്ന് ഫോക്ലോർ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയുമെല്ലാം അവാർഡുകൾ കരസ്ഥമാക്കിയ കുമരംപുത്തൂർ മണിയാശാൻ പറയുന്നു. കൃഷിപ്പണി ചെയ്തും കെട്ടിട നിർമാണമേഖലയിൽ പണിയെടുത്തുമാണ് ഇവർ കഴിഞ്ഞുകൂടുന്നത്. നൂറോളം പേരാണ് പാലക്കാട് ജില്ലയിൽ പൊറാട്ടുനാടകവേദികളിൽ സജീവമായുള്ളത്. നാടൻകലാകാരന്മാർക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് 2000 രൂപയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.