Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട്​...

പോപുലർ ഫ്രണ്ട്​ ഹർത്താൽ: റവന്യൂ റിക്കവറി വൈകിയതിൽ​ ​ഹൈകോടതിയിൽ മാപ്പപേക്ഷിച്ച്​ സർക്കാർ

text_fields
bookmark_border
പോപുലർ ഫ്രണ്ട്​ ഹർത്താൽ: റവന്യൂ റിക്കവറി വൈകിയതിൽ​ ​ഹൈകോടതിയിൽ മാപ്പപേക്ഷിച്ച്​ സർക്കാർ
cancel

കൊച്ചി: പോപുലർ ഫ്രണ്ടിന്റെ സെപ്​റ്റംബർ 23ലെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്‌ടപരിഹാരം ഈടാക്കാനുള്ള നടപടികൾ വൈകിയതിൽ സംസ്ഥാന സർക്കാർ ഹൈകോടതിയോട്​ മാപ്പ​പേക്ഷിച്ചു. ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്​ കോടതി നിർദേശ പ്രകാരം​ നേരിട്ടെത്തിയ ആഭ്യന്തര അഡീ. ചീഫ്​ സെക്രട്ടറി വി. വേണുവാണ്​ ​നിരുപാധികം മാപ്പപേക്ഷിച്ചത്​. ആദ്യഘട്ട റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നടക്കം വ്യക്തമാക്കി​ സത്യവാങ്മൂലവും നൽകി.

പൊതുമുതൽ നശിപ്പിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും ജനങ്ങളുടെ സ്വത്തായതിനാൽ സംരക്ഷിക്കപ്പെടണമെന്നും അഡീ. ചീഫ്​ സെക്രട്ടറിയോട്​ ജസ്റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസും ​ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്​ ഓർമിപ്പിച്ചു. കോടതി ഉത്തരവുണ്ടായാൽ സമയബന്ധിതമായി നടപ്പാക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ചക്ക്​ അവസാനമുണ്ടാകണം. സർക്കാർ ഉത്തരവാണോ കോടതി ഉത്തരവാണോ അനുസരിക്കേണ്ടതെന്നും ആരാണ്​ മാസ്റ്റർ എന്നുമുള്ള ചിന്ത ഉദ്യോഗസ്ഥർക്കുണ്ട്​. കോടതിയല്ല ശമ്പളം നൽകുന്നതെന്നതിനാൽ കോടതി ഉത്തരവ്​ പാലിക്കേണ്ടതില്ല എന്ന ചിന്ത ഉദ്യോഗസ്ഥർക്കുണ്ട്. ഡെപ്യൂട്ടി കലക്ടർ അടക്കമുള്ളവർക്ക്​ ക്ലാസെടുക്കാൻ പോകുമ്പോൾ ഇത്തരം സംശയങ്ങൾ ചോദ്യമായി ഉയരാറുണ്ട്​. പുതുവർഷത്തിലെങ്കിലും ഈ ധാരണ മാറണമെന്നും കോടതി നിർദേശിച്ചു.

നഷ്ടപരിഹാരം നിർണയിക്കാൻ നിയോഗിക്കപ്പെട്ട ക്ലെയിം കമീഷണറുടെ തെളിവെടുപ്പിനായി എറണാകുളം ഗെസ്റ്റ്​ ഹൗസിൽ ജില്ല കലക്ടർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയതായി സത്യവാങ്​മൂലത്തിൽ പറയുന്നു. ആവശ്യമെങ്കിൽ മറ്റ്​ കലക്ടർമാരുടെ സഹായവും ലഭിക്കും. അതിനാൽ, ക്ലെയിം കമീഷണറുടെ നടപടികൾക്ക്​ ഇനി തടസ്സമുണ്ടാകില്ല. പോപുലർ ഫ്രണ്ടിന്‍റെയും ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്‍റെയും ആസ്​തികൾ സംബന്ധിച്ച്​ രജിസ്​ട്രേഷൻ ഇൻസ്​പെക്ടർ ജനറൽ വിവരങ്ങൾ നൽകിയിട്ടുണ്ട്​. ലാൻഡ്​​ റവന്യൂ കമീഷണറും റിക്കവറി നടപടികൾക്ക്​ നിർദേശിച്ചിട്ടുണ്ട്​. രജിസ്​ട്രേഷൻ ഐ.ജി നൽകിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറി നടപടികൾ 15നകം പൂർത്തിയാക്കും. തുടർന്നുള്ള ഒരുമാസത്തിനകം ബന്ധപ്പെട്ട എല്ലാ റവന്യൂ റിക്കവറി നടപടികളും പൂർത്തിയാക്കും. കോടതി ഉത്തരവ്​ വീഴ്ചയില്ലാതെ നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായും സത്യവാങ്​മൂലത്തിൽ പറയുന്നു.

കോടതി ഉത്തരവ്​ നടപ്പാക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കോടതി നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കി നീതിനിർവഹണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദേശം നൽകുമെന്നുമുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉറപ്പ്​ കോടതി രേഖപ്പെടുത്തി. നീതിന്യായ സംവിധാനവും എക്സിക്യൂട്ടിവും ശത്രുക്കളല്ലെന്നും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ നീതി നടപ്പാക്കാനാവുമെന്നും കോടതി വ്യക്തമാക്കി.

ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹരജി ജനുവരി 18ലേക്ക്​ മാറ്റി. ഹർത്താലുമായി ബന്ധപ്പെട്ട്​ വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ അബ്ദുൽ സത്താറിന്​ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഓരോ കോടതിയിലും നേരിട്ട് ഹാജരാക്കുന്നതിനു പകരം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന്​ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന ഇയാളെ വിഡിയോ കോൺഫറൻസിങ്​ മുഖേന ഹാജരാക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular fronthartalrevenue recovery
News Summary - Popular front hartal: Government apologizes to High Court for delay in revenue recovery
Next Story