മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പൊലീസുകാർക്കെതിരായ നടപടി; പിന്നില്‍ ആർ.എസ്.എസ് സ്വാധീനം -പോപുലര്‍ ഫ്രണ്ട്
text_fieldsമഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പൊലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതും ഉള്‍പ്പടെയുള്ള വേട്ടയാടലുകള്‍ വഴി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം.
പൊലിസ് സ്റ്റേഷനുകളില്‍ പൂജ നടത്തുന്നതിനും മറ്റു മതാചാരപ്രകാരം ഡ്യൂട്ടി എടുക്കുന്നതിനും അനുമതി നല്‍കുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം പൊലിസുകാര്‍ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരില്‍ കലാപാഹ്വാനം നടത്തിയ ആർ.എസ്.എസ് നേതാവായ വര്‍ഗീയവാദി വല്‍സന്‍ തില്ലേങ്കരിക്ക് പ്രസംഗിക്കാന്‍ മൈക്ക് നല്‍കിയത് പൊലിസുകാരാണ്.
ആലുവ പൊലിസ് സ്റ്റേഷനില്‍ രക്ഷാബന്ധന്‍ ചടങ്ങ് നടത്തിയപ്പോഴും ആഭ്യന്തരവകുപ്പ് നിര്‍ബന്ധിത മൗനമാണ് തുടര്‍ന്നത്. ആർ.എസ്.എസ് ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ് സ്റ്റേഷനിലെത്തിയാണ് ചടങ്ങ് നടത്തിയത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളജില്‍ നിന്നും പൊലിസ് സേനയിലെത്തിയ 54 പേര്‍ ആർ.എസ്.എസ് വര്‍ഗീയവാദിയായ വല്‍സന്‍ തില്ലങ്കരിക്കൊപ്പം ഫോട്ടോ എടുത്തപ്പോഴും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. തത്വമസി എന്നപേരില്‍ പൊലിസ് സേനയില്‍ ആർ.എസ്.എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല.
ഭരണമുന്നണിയിലെ പ്രബലകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പൊലിസിലെ ആർ.എസ്.എസ് സാന്നിധ്യം തുറന്നുകാട്ടിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ നേതാവ് ആനി രാജയുമെല്ലാം പൊലിസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് തുറന്നുപറയുകയുണ്ടായി. പാര്‍ട്ടി സമ്മേളനങ്ങളും ഈ വിമര്‍ശനങ്ങള്‍ക്ക് അടിവരയിട്ടു. കേരളാ പൊലിസില്‍ ആർ.എസ്.എസ് സ്വാധീനം ഏറിയതോടെയാണ് മുസ്‌ലിം വിരുദ്ധത പ്രകടമായത്.
മുസ്ലിംകള്‍ പ്രതി ചേര്‍ക്കപ്പെടുന്ന കേസുകളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമ്പോള്‍ ആർ.എസ്.എസ് പ്രതികളാവുന്ന കേസുകളില്‍ മൃതുസമീപനമാണ് ആഭ്യന്തരവകുപ്പ് തുടരുന്നത്. മുസ്‌ലിംകളായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിലൂടെ ഇത് തുടരുകയാണ്. സേനയിലെ ആർ.എസ്.എസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കാനും മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിക്കുന്ന നീക്കത്തില്‍ നിന്നും ആഭ്യന്തരവകുപ്പ് പിന്‍മാറണമെന്നും എ. അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

