കോന്നി: പോപുലർ ഫിനാൻസിെൻറ വകയാറിലെ ആസ്ഥാനത്ത് ഒന്നരദിവസത്തെ പരിശോധനക്കുശേഷം പൊലീസ് കെട്ടിടം സീൽ ചെയ്തു. റെയ്ഡ് ശനിയാഴ്ച വൈകീട്ടോടെയാണ് പൂർത്തിയായത്. പരിശോധനയിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ, ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ബോർഡ് അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ, ബോർഡ് യോഗങ്ങളുെട മിനിറ്റ്സ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും റെയ്ഡ് നടത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു. രണ്ടാംദിനത്തിൽ ഓഫിസിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രധാനികളെ വിളിച്ചുവരുത്തി ചോദ്യംചെയ്യ്ത് മൊഴി രേഖപ്പെടുത്തി.
നിക്ഷേപകർ തടിച്ചുകൂടി; കേസെടുത്തു
കോന്നി: പോപുലർ ഫിനാൻസ് എം.ഡി റോയി ഡാനിയേലിനെയും കുടുംബത്തെയും ഉടൻ അറസ്റ്റ് ചെയ്യുക, സ്വത്തുക്കൾ കണ്ടെത്തുക, പോപുലർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപകർ പോപുലറിനു മുന്നിൽ തടിച്ചുകൂടി. നൂറിലധികം നിക്ഷേപകരാണ് ശനിയാഴ്ച 11 മണിയോടെ സംഘടിച്ച് മുദ്രാവാക്യം വിളിച്ച് രംഗത്ത് എത്തിയത്. ഇവർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു.