രോഗിയായ യുവാവിനെ മർദിച്ച പൂവാർ എസ്.ഐ സനലിനെ സസ്പെൻഡ് ചെയ്തു
text_fieldsപൂവാർ (തിരുവനന്തപുരം): പൂവാറിൽ രോഗിയായ യുവാവിനെ മർദിച്ച എസ്.െഎയെ സസ്പെൻഡ് ചെയ്തു. പൂവാർ സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനൽകുമാറിനെയാണ് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. യുവാവിനെ എസ്.ഐ ക്രൂരമായി മർദിച്ചതായി പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് സെപ്ഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് ജില്ല പൊലീസ് മേധാവി നിർദേശം നൽകി.
പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) പൊലീസിെൻറ മർദനമേറ്റത്. ഞായറാഴ്ച രാവിലെ 11ഓടെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടശേഷം പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ച് തിരിച്ചുവരികയായിരുന്നു. റോഡ് വശത്ത് ബൈക്ക് നിർത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാനിറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും തടഞ്ഞുനിറുത്തി ചോദ്യംചെയ്തു. ലൈസൻസും ബൈക്കിെൻറ രേഖകളും എടുക്കാൻ എസ്.ഐ ആവശ്യപ്പെട്ടു. ഇതിനായി സുധീർ തിരിയവെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പ്രകോപനം കൂടാതെ സുധീറിനെ ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് സുധീറിനോട് സ്റ്റേഷനിലെത്താൻ എസ്.ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ സുധീറിെൻറ മൊബൈൽ ഫോൺ എസ്.ഐ സനൽ പിടിച്ചുവാങ്ങുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. 'നീ ഇ.എം.എസ് കോളനിയിൽ ഉള്ളതല്ലേടാ, നീ മുസ്ലിം അല്ലെടാ' എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് സുധീർ പറഞ്ഞു. താൻ കൈകാലുകൾക്ക് വിറയലുള്ള രോഗി ആണെന്നും അടിക്കരുതെന്നും പറഞ്ഞിട്ടും എസ്.ഐ മർദനം തുടർന്നുവത്രെ.
സുധീറിനെ റോഡിൽവെച്ച് മർദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വിവരമറിയാൻ വീട്ടുകാർ സുധീറിെൻറ മൊബൈലിലേക്ക് വിളിച്ചെങ്കിലും പൊലീസുകാർ േകാൾ കട്ട് ചെയ്തു. തുടർന്ന് സുധീറിെൻറ സഹോദരി ഭർത്താവ് സ്റ്റേഷനിലെത്തി സംഭവം തിരക്കിയെങ്കിലും പൊലീസുകാർ മോശമായാണ് പെരുമാറിയത്. പിന്നാലെ ആളുകൾ കൂടുന്നത് കണ്ടാണ് രാത്രി ഏഴോടെ സുധീറിനെ വിട്ടയച്ചത്.
തുടർന്ന് സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തി കൊണ്ടുള്ള അടിയിലും മർദനത്തിലും ശരീരമാസകലം സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റി എന്നിവർക്ക് പരാതി നൽകി.

