കുറിക്കല്യാണം പുനരാവിഷ്കരിച്ച് പൂങ്ങോട് ഗ്രാമം
text_fieldsപൂങ്ങോട് ഗവ. എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ നടത്തിയ കുറിക്കല്യാണം
കാളികാവ്: പഴമക്കാരുടെ കരുതലിന്റെയും ധനശേഖരണത്തിന്റെയും സുഗമമാർഗമായി മലബാറുകാർ നടത്തിപ്പോന്നിരുന്ന കുറിക്കല്യാണം പുനരാവിഷ്കരിച്ച് കാളികാവ് പൂങ്ങോട് ഗ്രാമം. പൂങ്ങോട് ഗവ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് പരിപാടി. വിവാഹം, ഗൃഹപ്രവേശം തുടങ്ങി പണച്ചെലവുള്ള ആഘോഷങ്ങൾക്ക് വേഗത്തിൽ പണം കണ്ടെത്താനുള്ള സഹകരണ പ്രസ്ഥാനമായാണ് പഴമക്കാർ കുറിക്കല്യാണം കണ്ടിരുന്നത്. തിരിച്ചുചോദിക്കാതെ വായ്പ നൽകുന്ന സഹായ പദ്ധതിയാണ് കുറിക്കല്യാണം. എന്നാൽ പൂങ്ങോടിൽ വ്യക്തിപരമായ സഹായപദ്ധതിയായിട്ടല്ല, പൂങ്ങോട് ഗവ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് നടത്തുന്നത്.
പൂർവ വിദ്യാർഥികളാണ് കുറിക്കല്യാണം ഒരുക്കുന്നത്. കുറിക്കല്യാണത്തിൽ പങ്കെടുക്കുന്നവർ കഴിയാവുന്ന തുക സഹായമായി നൽകും. നൽകിയ തുക ആരും തിരിച്ചുചോദിക്കില്ല. പ്രത്യേക സാഹചര്യത്തിൽ മറ്റുള്ളവർ ധന ശേഖരത്തിന് കുറിക്കല്യാണം നടത്തുമ്പോൾ തിരിച്ചും സഹായിക്കണമെന്നതാണ് അലിഖിത നിയമം. പഴമയുടെ തനിമ നഷ്ടപ്പെടാതെ ഒരുക്കിയ ചായമക്കാനിയും മക്കാനിക്കു ചുറ്റും തീർത്ത മുൾവേലിയും ചാടിക്കടക്കാൻ പാകത്തിൽ മുളങ്കടായിയും പഴമയുടെ വീണ്ടെടുപ്പാണ്. കുറിക്കല്യാണം കൂടിയ ആളുകൾക്ക് നൽകുന്ന ചായയിലും കടിയിലുമുണ്ട് പഴമയുടെ പുതുമ. പൊറോട്ട, അവിൽ, പുട്ട്, മടക്ക്, നുറുക്ക് തുടങ്ങിയവയുമുണ്ട്. കുറിക്കല്യാണത്തിന് അഭ്യർഥനക്കത്തും വിതരണം ചെയ്തിരുന്നു.
എഴുതി തയാറാക്കിയ കത്ത് നാട്ടിലുള്ളവർക്ക് നേരിട്ടും മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെയും വിതരണം ചെയ്തു. ക്ഷണക്കത്തിൽ പൂങ്ങോടിന്റെ പഴയ പേരായ മീമ്പറമ്പ് എന്നാണ് ചേർത്തത്. പഴയ സിനിമ പോസ്റ്റർ, പെട്രോമാക്സ്, മുറുക്കാൻ കട, കാതുകൾക്ക് ഇമ്പമേകുന്ന പെട്ടിപ്പാട്ടുകളും തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൗതുകത്തോടെയാണ് കുറിക്കല്യാണത്തിന് നാട്ടുകാർ ഒഴുകിയെത്തിയത്. പൂങ്ങോട് സ്കൂൾ ശതാബ്ദി ഗംഭീരമാക്കാൻ നല്ല തുക കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പഴമയുടെ ജീവിത പരിസരവും സാമ്പത്തിക ശാസ്ത്രവും പുനരാവിഷ്കരിച്ച് പുതു തലമുറക്ക് പരിചയപ്പെടുത്തലും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

