പൊന്തൻമാടയും നെയ്ത്തുകാരനും; നെടുമുടി ചെയ്യാതെ പോയ ചിത്രങ്ങൾ
text_fieldsമലയാള സിനിമയിൽ നീണ്ട 42 വർഷങ്ങൾ നിറഞ്ഞുനിന്ന നെടുമുടി വേണു ആടിത്തീർത്തത് 500ലേറെ വേഷങ്ങൾ. നടനായും സഹനടനായും വില്ലനായും തമാശക്കാരനായും അച്ഛനായും മുത്തച്ഛനായുമെല്ലാം നെടുമുടി മലയാളത്തിന്‍റെ അവിഭാജ്യ ഘടകമായിത്തീർന്നു. സിനിമയും നാടകവും പാട്ടുമെല്ലാം ചേർന്നതായിരുന്നു നെടുമുടിയുടെ കലാജീവിതം.
സമയം കിട്ടാത്തതുകൊണ്ട് ചെയ്യാൻ പറ്റാതെപോയ ധാരാളം വേഷങ്ങൾ നെടുമുടിയെ കൈവിട്ടുപോയിട്ടുണ്ട്. അതിൽ പ്രധാനമാണ് പൊന്തൻമാടയും നെയ്ത്തുകാരനും. നടൻ മുരളിക്ക് ദേശീയ അവാർഡ് ലഭിച്ച നെയ്ത്തുകാരൻ ചെയ്യാൻ സംവിധായകൻ പ്രിയനന്ദനൻ ആദ്യം സമീപിച്ചത് നെടുമുടി വേണുവിനെയായിരുന്നു. അതിെൻറ സ്ക്രിപ്റ്റ് തന്‍റെ വീട്ടിലിരിക്കുന്നുണ്ടെന്ന് ഈയടുത്തും നെടുമുടി ഓർത്തിരുന്നു. എന്നാൽ, അതിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഒരു ശതമാനംപോലും സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.വി. ചന്ദ്രന്‍റെ പൊന്തൻമാടയും ഇതുപോലെയായിരുന്നു. പല കാരണങ്ങൾകൊണ്ട് അന്ന് നെടുമുടിക്ക് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. പിന്നീട് ആ റോൾ ചെയ്തത് മമ്മൂട്ടിയാണ്. പൊന്തൻമാടയിലേയും വിധേയനിലേയും അഭിനയം മുൻനിർത്തിയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചത്. സിനിമയിൽ അങ്ങനെയുള്ള മാറ്റിമറിച്ചിലുകൾ സാധാരണയാണെന്നും അതിൽ സങ്കടപ്പെട്ടിരിക്കുന്നതിൽ കാര്യമില്ലെന്നുമായിരുന്നു നെടുമുടിയുടെ നിലപാട്.