സി.പി.ഐക്കും മന്ത്രിക്കും തലവേദനയായി പൊന്തൻപുഴ വിവാദം
text_fieldsതിരുവനന്തപുരം: കോട്ടയം ജില്ലയിലെ വനമേഖലയായ പൊന്തൻപുഴയിലെ 7000 ഏക്കർ കോടതിവിധിയെത്തുടർന്ന് സർക്കാറിന് നഷ്ടമായ സംഭവം സി.പി.ഐക്ക് മാനക്കേടായി. കാഞ്ഞിരപ്പള്ളി താലൂക്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധിയോടെ നഷ്ടപ്പെട്ടത്. പരിസ്ഥിതിവാദികളെന്ന് നടിക്കുന്ന സി.പി.ഐയുടെ മന്ത്രി വനംവകുപ്പ് ഭരിക്കുേമ്പാഴാണ് വനഭൂമി നഷ്ടപ്പെടുന്നത്. കേസ് നടത്തുന്നതിൽ വനംവകുപ്പ് കൃത്യമായ ഏകോപനം നടത്താതിരുന്നതുകൊണ്ടാണ് ഭൂമി നഷ്ടപ്പെട്ടതെന്നും വന്‍കിടക്കാരുടെ വനംകൈയേറ്റമോഹങ്ങള്ക്ക് വനം വകുപ്പ് ഒത്താശചെയ്തുകൊടുക്കുകയായിരുെന്നന്നുമാണ് പരിസ്ഥിതി വാദികളുടെ ആരോപണം.
സർക്കാറിനുവേണ്ടി ഹൈകോടതിയിൽ ഹാജരായ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി ഹാജരാക്കാതെ സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി കേസ് അട്ടിമറിെച്ചന്നും ആരോപണമുണ്ട്. 1980ലെ കേന്ദ്ര വനംസംരക്ഷണനിയമവുമായി ബന്ധപ്പെട്ട് 1996ൽ ഗോദവർമൻ തിരുമുൽപ്പാട് കേസിലെ സുപ്രീംകോടതി വിധിയും 2003ലെ വനം(പരിസ്ഥിതി പ്രദേശങ്ങൾ നിക്ഷിപ്തമാക്കലും പരിപാലനവും നിയമം, 1971ലെ സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു നൽകലും) നിയമം, പൊന്തൻപുഴ വനവുമായി ബന്ധപ്പെട്ട് സർക്കാറിന് അനുകൂലമായ 1991ലെ ഹൈകോടതിവിധിയും കോടതിയിൽ ഹാജരാക്കാൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ലെന്നാണ് പ്രധാന ആക്ഷേപം.
പൊന്തന്‍പുഴ വനത്തിെൻറ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഫയലുകള്‍ വനംവകുപ്പിെൻറ പക്കല്‍നിന്ന് 2005-നുമുമ്പുതന്നെ അപ്രത്യക്ഷമായതായി ഗവ. പ്ലീഡർ അഡ്വ. സുശീലാ ഭട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. 60 വര്‍ഷത്തിലേറെയായി വനഭൂമിയുടെ പേരില്‍ തുടര്‍ന്നുവരുന്ന കേസ് വാദിക്കാന്‍ മുൻവനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സുശീലാ ഭട്ടിനെ 2004-ല്‍ നിയമിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പിന്നീട് ഏറെ പണിപ്പെട്ടാണ് പുറത്തുനിന്നും ഇതു സംബന്ധിച്ച രേഖകള്‍ താൻ സമ്പാദിച്ചതെന്നും സുശീലാ ഭട്ട് പറയുന്നു .
പൊന്തന്‍പുഴ സംരക്ഷിതവനമാണെന്ന് വനം വകുപ്പ് മുമ്പ് പല കേസുകളിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹൈകോടതിയില്‍ തെളിയിക്കുന്നതില്‍ ഇപ്പോൾ പരാജയപ്പെട്ടതിനാലാണ് പൊന്തന്‍പുഴ സംരക്ഷിതവനമായി വിജ്ഞാപനം ചെയ്യാന്‍ യോഗ്യമല്ലെന്ന് ഹൈകോടതി വിധിച്ചത്. 2017 ഏപ്രിലില്‍ കോട്ടാങ്ങലിലെ ക്വാറി പരിധി ലംഘിച്ച് പാറ പൊട്ടിക്കുെന്നന്ന പരാതിയില്‍ റാന്നി, കോട്ടയം എന്നിവിടങ്ങളിലെ ഡി.എഫ്.ഒമാര്‍ നടത്തിയ സംയുക്ത പരിശോധന റിപ്പോര്‍ട്ടില്‍ പൊന്തന്‍പുഴ സംരക്ഷിതവനമാണെന്ന് വ്യക്തമാക്കിയിരുന്നു. പുനലൂർ- -മൂവാറ്റുപുഴ റോഡ് വികസനം സംബന്ധിച്ച രേഖകളിലും പൊന്തന്‍പുഴ- ചുങ്കപ്പാറ റോഡ് സംബന്ധമായ രേഖകളിലും പൊന്തന്‍പുഴക്ക് സംരക്ഷിത വനപദവിയുള്ളതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
