എടപ്പാൾ: പൊന്നാനി നഗരസഭയിലെ ട്രിപ്ൾ ലോക്ഡൗണിനെ തുടർന്ന് പ്രധാനപാതകൾ അടച്ചതോടെ എടപ്പാളിൽ വാഹനങ്ങളുടെ തിരക്ക്. തൃശ്ശൂർ കുറ്റിപ്പുറം പാതയിലാണ് വാഹനങ്ങളുടെ കുത്തൊഴുക്ക് തുടരുന്നത്. മേൽപ്പാലം പണി നടക്കുന്നതിനാൽ നടുവട്ടം അയിലക്കാട് വഴിയാണ് വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
എന്നാൽ പൊന്നാനി നഗരസഭ പരിധിയിലൂടെ കടന്നു പോകുന്ന കുണ്ടുകടവ് ഗുരുവായൂർ റോഡ് അടച്ചതോടെ എല്ലാ വാഹനങ്ങളും എടപ്പാൾ ടൗൺ വഴി കടന്നുപോകാൻ തുടങ്ങിയതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. പൊലീസും ട്രോമ കെയറും ട്രാഫിക് ഗാർഡും ചേർന്നാണ് ഗതാഗതം ടൗണിൽ നിയന്ത്രിക്കുന്നത്.