അന്ന് നട്ട ‘മലപ്പുറം മാവ്’ മധുരമൂറും
text_fieldsപൊന്നാനി: ജില്ല രൂപവത്കരിച്ച് ഇന്നേക്ക് 51 ആണ്ട് തികയുമ്പോൾ മലപ്പുറത്തോടൊപ്പം വളർന്നൊരു മാവിെൻറ കഥപറയുകയാണ് പൊന്നാനി അങ്ങാടിയിലെ പാടാരിയകം തറവാട്ടുമുറ്റം. 1969 ജൂൺ 16ന് പൊന്നാനി അങ്ങാടിയുടെ ഗുരുവും ദീർഘകാലം ടി.ഐ.യു.പി സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന കെ.വി. ഇബ്രാഹിം കുട്ടി മാസ്റ്ററും കുഞ്ഞിമുഹമ്മദ് കുട്ടിയും പി. മുഹമ്മദും ചേർന്ന് നട്ടുവളർത്തിയ മാവാണ് തലമുറകൾക്ക് തണലും മധുരവും നൽകി ജില്ലയോടൊപ്പം തലയുയർത്തിനിൽക്കുന്നത്.
പഴയകാലത്ത് പൊന്നാനി അങ്ങാടിയിലെ തറവാട്ടുമുറ്റങ്ങളിൽ കഥപറഞ്ഞിരുന്ന കയ്യാല കമ്മിറ്റിയെന്ന സംഘമാണ് ജില്ല രൂപവത്കരണത്തിെൻറ ഓർമത്തൈക്ക് പിന്നിൽ.
എട്ടുകെട്ടുള്ള പഴയ തറവാടുകളിലൊന്നായ പാടാരിയകം തറവാട്ടിലെ കുട്ടികളും അയൽവാസികളുമായിരുന്നു കയ്യാല കമ്മിറ്റിക്കാർ. ഏറെ എതിർപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ പിറവികൊണ്ട മലപ്പുറം ജില്ലയുടെ രൂപവത്കരണത്തെ വരുംതലമുറയും ഓർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ മാവിൻതൈ നട്ടത്.
മധുരമുള്ള മാമ്പഴത്തിനൊപ്പം ജില്ലയുടെ ഓരോ സ്പന്ദനത്തിനൊപ്പവും മൂകസാക്ഷിയായായി ഈ മരം തണൽവിരിച്ച് വളർന്നു. അരനൂറ്റാണ്ട് പിന്നിട്ട ‘മലപ്പുറം മാവി’നെ പൊന്നാനിയിലെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. വി. സെയ്ത് മുഹമ്മദ് തങ്ങൾ, ടി.കെ. അശ്റഫ്, എം. അബ്ദു ലത്തീഫ്, എ. പവിത്രകുമാർ, അബൂബക്കർ എന്നിവർ ചേർന്നാണ് ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
