യാഗഭൂമിയായി ചക്കുളത്തുകാവ്; വ്രതശുദ്ധിയിൽ ഭക്തരുടെ പൊങ്കാല
text_fieldsആലപ്പുഴ: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു. പണ്ഡാര അടുപ്പിൽനിന്ന് ഭക്തർ കൊളുത്തിയ തിരിയില്‍നിന്ന് പെങ്കാല അടുപ്പുകളിലേക്ക് തീപകര്‍ന്നതോടെ പ്രദേശം യാഗഭൂമിയായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് മഹാസംഗമത്തിൽ പങ്കെടുക്കാൻ ചക്കുളത്തുകാവിൽ എത്തിയത്. കാസർകോട്, വയനാട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽനിന്നുള്ള ഭക്തർ ദിവസങ്ങൾക്കുമുമ്പേ ക്ഷേത്രപരിസരത്ത് തമ്പടിച്ചിരുന്നു.
ക്ഷേത്രത്തിന് 70 കി.മീ. ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊങ്കാല നേദ്യത്തിനായി അടുപ്പ്കൂട്ടി. കൈയിൽ പൂജാദ്രവ്യവും നാവിൽ ദേവീസ്തുതികളുമായാണ് പൊങ്കാല വീഥിയിൽ നേദ്യം തയാറാക്കിയത്.
പുലര്‍ച്ച നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പതിന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടന്നു. 10.30ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന പൊങ്കാല സമർപ്പണച്ചടങ്ങില്‍ ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകർന്ന ദീപം മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ പകർന്നതോടെ പൊങ്കാലക്ക് തുടക്കംകുറിച്ചു. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
11.30ന് 500ലധികം വേദപണ്ഡിതരുടെ മുഖ്യ കാർമികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് പൊങ്കാല നേദിച്ചു. തുടർന്നുള്ള ദിവ്യാഭിഷേകത്തിലും ഉച്ചദീപാരാധനയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പൊങ്കാലക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

