കൊന്നതും കൊല്ലപ്പെട്ടതും ആര് ? അഞ്ചാമാണ്ടിലും തെളിയാതെ പോലൂർ കൊല
text_fieldsപോലൂരിൽ മരി
ച്ചയാളുടെ പുനഃസൃഷ്ടിച്ച മുഖം
കോഴിക്കോട്: അഞ്ചുവർഷംമുമ്പ് പോലൂരിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് ഇതുവരെ തെളിഞ്ഞില്ല. കൊലപാതകിയും കാണാമറയത്താണ്. പറമ്പില്‍ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തായുള്ള കാടുമൂടിയ പ്രദേശത്ത് 2017 സെപ്റ്റംബറിലാണ് ഭാഗികമായി കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കേസ് രജിസ്റ്റർ ചെയ്ത ചേവായൂർ പൊലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
മരിച്ചത് ആരെന്നറിയാത്തതായിരുന്നു അന്വേഷണത്തിലെ വെല്ലുവിളി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഡി.എൻ.എ അടക്കം ശേഖരിച്ച് മതിയായ നടപടിക്രമങ്ങളോടെ പിന്നീട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ അടക്കി.
തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം അക്കാലത്ത് കാണാതായ പുരുഷന്മാരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിന്റെ വിവരങ്ങൾ ശേഖരിച്ചതിനുപിന്നാലെ കാണാതായ അഞ്ചുപേരുടെ ബന്ധുക്കളുടെ ഡി.എൻ.എ മൃതദേഹത്തിന്റെ ഡി.എൻ.എയുമായി ഒത്തുനോക്കിയെങ്കിലും സാമ്യതയില്ലെന്ന് കണ്ടെത്തിയതോടെ ഈ നിലക്കുള്ള അന്വേഷണങ്ങളും വഴിമുട്ടി.
മൃതദേഹം കണ്ടതിന് തൊട്ടടുത്ത ദിവസങ്ങളിലെ പ്രദേശത്തെ ടവർ ലൊക്കേഷൻ നോക്കി മൊബൈൽ ഫോൺ കോൾ വിവരങ്ങളും പ്രദേശത്തെ നിരവധിപേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടും പൊലീസിന് കാര്യമായ സൂചനകളൊന്നും കിട്ടിയില്ല.
പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. മരിച്ചയാളെ ആദ്യം തിരിച്ചറിയുക. തുടർന്ന് കൊലയാളിയിലേക്കെത്തുക എന്നനിലക്കായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. അതിനിടെ മണാശ്ശേരി ഇരട്ടക്കൊലക്കേസ് പ്രതി ബിർജുവിന് പോലൂർ കൊലയുമായി ബന്ധമുണ്ടെന്ന് സംശയമുയരുകയും ഈനിലക്ക് അന്വേഷണം നടക്കുകയും ചെയ്തു.
എന്നാൽ, ഇതുസംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീടാണ് അന്വേഷണസംഘം കേരളത്തിലാദ്യമായി ഫേഷ്യൽ റീ കൺസ്ട്രക്ഷൻ സാങ്കേതികവിദ്യ കേസിൽ പ്രയോജനപ്പെടുത്തിയത്.
മൃതദേഹം അടക്കിയ വെസ്റ്റ്ഹിൽ ശ്മശാനത്തിൽനിന്ന് തലയോട്ടി തിരിച്ചെടുത്ത് ഡി.എൻ.എ പരിശോധിച്ച് പോലൂരിൽ കൊല്ലപ്പെട്ടയാളുടേതെന്ന് ഉറപ്പാക്കിയശേഷം ലാബിലയച്ച് ഫേഷ്യൽ റീ കൺസ്ട്രക്ഷനിൽ മുഖം കൃത്രിമമായി പുനഃസൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഈ ചിത്രം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. മരിച്ചയാളെ ഒരുനിലക്കും തിരിച്ചറിയാത്തതോടെ കേസന്വേഷണം അനന്തമായി നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

